കൊച്ചി: മെട്രോയോടനുബന്ധിച്ചുള്ള പാര്‍ക്കിങ് സ്ഥലങ്ങളിലെ ഉയര്‍ന്ന നിരക്ക് പുനഃപരിശോധിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്. പാര്‍ക്കിങ് നിരക്കിനെക്കുറിച്ച് പല മേഖലകളില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെട്രോയുടെ മുട്ടം യാര്‍ഡ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. എം.ഡിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ഹനീഷ് മുട്ടം യാര്‍ഡിലെത്തുന്നത്.

മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനാണ് ടിക്കറ്റ് നിരക്കില്‍ ഇളവുള്‍പ്പെടെ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുട്ടം യാര്‍ഡിലെ സൗകര്യങ്ങള്‍ അദ്ദേഹം വിലയിരുത്തി. ഡയറക്ടര്‍ (പ്രോജക്ട്‌സ്) ടി. അര്‍ജുനന്‍, ജനറല്‍ മാനേജര്‍മാരായ കൊനെയ്ന്‍ ഖാന്‍, എ.ആര്‍. രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.