കൊച്ചി: കൊച്ചി മെട്രോയിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാനായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ടിക്കറ്റിന് 50 ശതമാനം ഡിസ്‌കൗണ്ട് ആരംഭിച്ചു. 'റിട്ടേണ്‍ ജേര്‍ണി ടിക്കറ്റ്‌സ്' (ആര്‍.ജെ.ടി.) എന്ന പേരില്‍ റിട്ടേണ്‍ ടിക്കറ്റുകള്‍ക്കാണ് കിഴിവ് ലഭിക്കുക. ചൊവ്വാഴ്ച ആരംഭിച്ച സേവനം ഡിസംബര്‍ 23 വരെ ലഭ്യമാകും. ഇതിലൂടെ ഒരു യാത്രയുടെ ചെലവില്‍ മടക്കയാത്രയും സാധ്യമാകും.

എന്നാല്‍ കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാവില്ല. ഡിസ്‌കൗണ്ടിനു പുറമേ സ്ഥിരം യാത്രക്കാര്‍ക്കായി പ്രത്യേക പാസുകള്‍ അനുവദിക്കുന്ന കാര്യവും മെട്രോയുടെ പരിഗണനയിലുണ്ട്.

ഒരു മാസം കാലാവധിയുള്ള പാസ്, വിദ്യാര്‍ഥി പാസുകള്‍, ദിവസേനയുള്ള പാസുകള്‍, സീസണ്‍ പാസുകള്‍ തുടങ്ങിയ പുതിയ പദ്ധതികളും മെട്രോ ആരംഭിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതുവരെ നിശ്ചിത സമയപരിധിയിലുള്ള ഓഫറുകളായിരിക്കും കെ.എം.ആര്‍.എല്‍. നല്‍കുക.

പരിസ്ഥിതി സംരക്ഷണവും സുഗമമായ ഗതാഗത സൗകര്യവും സമൂഹത്തിന് നല്‍കുന്നതിനായാണ് കെ.എം.ആര്‍.എല്‍. പ്രവര്‍ത്തിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.

പദ്ധതിയിലൂടെ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാതെ പൊതുഗതാഗതം തിരഞ്ഞെടുക്കുന്നതിനായാണ് കെ.എം.ആര്‍.എല്‍. ഡിസ്‌കൗണ്ടുകളുമായി മുന്നോട്ടു വന്നതെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു.