കൊച്ചി: വെള്ളക്കുത്ത് പൊട്ട് ഉള്‍െപ്പടെയുള്ള മത്സ്യരോഗങ്ങള്‍ നിയന്ത്രിക്കാന്‍ ശാസ്ത്രജ്ഞരുടെയും ഫിഷറീസ് ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയ്ക്ക് തുടക്കമായി. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞരും ഫിഷറീസ് വകുപ്പിലെ ഓഫീസര്‍മാരും ഉള്‍പ്പെടുന്നതാണ് സംസ്ഥാന മത്സ്യരോഗ നിയന്ത്രണ കൂട്ടായ്മ.

കുഫോസിലെ ജലജീവി രോഗനിര്‍ണയ നിയന്ത്രണ വിഭാഗം മേധാവി ഡോ. ദേവിക പിള്ളയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുക. ഇതിന്റെ ഭാഗമായി കുഫോസില്‍ അന്താരാഷ്ട്ര നിലവാരമുള്ള ലബോറട്ടറി തുറക്കും. 21-ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ഒമ്പത് ജില്ലാ ആസ്ഥാനങ്ങളില്‍ മത്സ്യരോഗ നിര്‍ണയ ലബോറട്ടറികളും തുറക്കും.

കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ സംസ്ഥാന മത്സ്യരോഗ നിയന്ത്രണ കൂട്ടായ്മയും ഉദ്യോഗസ്ഥ പരിശീലന പരിപാടിയും ഉദ്ഘാടനം ചെയ്തു.

കുഫോസ് രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. എമിനന്റ് പ്രൊഫസര്‍ കെ. ഗോപകുമാര്‍, ഡീന്‍ എം.എസ്. രാജു, എക്‌സ്റ്റെന്‍ഷന്‍ ഡയറക്ടര്‍ ഡെയ്‌സി സി. കാപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ദേവിക പിള്ള, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ശ്രീലു എന്‍.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.