കൊച്ചി: ലോട്ടറി വില്‍പ്പനക്കാരിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിലെ പ്രതിയെ സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ സ്വദേശി പ്രഥ്വി വീട്ടില്‍ പ്രമോദിനെ(48)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-നാണ് കേസിനാസ്​പദമായ സംഭവം. എറണാകുളം സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വച്ച് ലോട്ടറി വില്‍പ്പനക്കാരിയായ മഞ്ജുവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതി പണം അപഹരിക്കുകയായിരുന്നു.

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ എസ്.ഐ. ജോസഫ് സാജന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ. ദിനേശന്‍, സി.പി.ഒമാരായ അനീഷ്, സുധീര്‍ ബാബു, ഇഗ്നീഷ്യസ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സെന്‍ട്രല്‍ സി.ഐ. അനന്തലാല്‍ പറഞ്ഞു. സിറ്റിയില്‍ ശക്തമായ പോലീസ് നിരീക്ഷണം നടത്തുമെന്നും പിങ്ക് പട്രോളിങ്ങിന്റെ സേവനം കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും എറണാകുളം എ.സി. കെ. ലാല്‍ജി അറിയിച്ചു.