കൊച്ചി: അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളില്‍ ന്യുമോണിയയെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് 'നോ മോര്‍ ന്യുമോണിയ' എന്ന പേരില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഐ.എ.പി. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 12-ന് ലോക ന്യുമോണിയ ദിനത്തോടനുബന്ധിച്ച് ഈ രോഗത്തെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുന്ന നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണിത്.

രോഗത്തെ വളരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ന്യുമോകോക്കല്‍ കോന്‍ജുഗേറ്റ് വാക്‌സിന്‍ (പി.സി.വി.) ഉള്‍പ്പെടുത്തി യൂണിവേഴ്‌സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാം (യു.ഐ.പി.) നടപ്പാക്കുന്നുണ്ട്. ആദ്യവര്‍ഷം 21 ലക്ഷം കുട്ടികളില്‍ യു.ഐ.പി. നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 2015-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചുവയസ്സില്‍ താഴെയുള്ളവരില്‍ ഏകദേശം 5,64,200 പേര്‍ക്കാണ് ന്യുമോകോക്കല്‍ ന്യുമോണിയ ബാധിച്ചത്.

യു.ഐ.പി. പ്രതിരോധ കുത്തിവയ്പിലൂടെ രോഗത്തെ ചെറുക്കുന്നതിനായി മാതാപിതാക്കള്‍ മുന്നോട്ടുവരണമെന്ന് കൊച്ചി വെല്‍കെയര്‍ ഹോസ്​പിറ്റലിലെ മെഡിക്കല്‍ ഡയറക്ടറും കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യനുമായ ഡോ. സച്ചിദാനന്ദ കമ്മത്ത് പറഞ്ഞു. 2018-ല്‍ 90 ശതമാനം കുട്ടികളിലും പ്രതിരോധ കുത്തിവയ്പ് എത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.എ.പി. കേരള പ്രസിഡന്റ് ഡോ. എം. വെങ്കിടേശ്വരന്‍, ഐ.എ.പി.-സി.ഒ.ഐ. അംഗം ഡോ. ജീസണ്‍ സി. ഉണ്ണി, ഐ.എം.എ. കൊച്ചി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.