കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ പ്രതിഭാഗത്തുനിന്ന് ഏഴു സാക്ഷികളെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി, അയല്‍വാസി ശാന്തകുമാരി, പോലീസ് ഓഫീസര്‍ ഹബീബ്, എ.എസ്.ഐ. മുഹമ്മദ് അഷ്‌റഫ്, കുറുപ്പംപടി സ്റ്റേഷനിലെ എസ്.എച്ച്.ഒ. സുനില്‍കുമാര്‍, ക്രൈംബ്രാഞ്ച് എസ്.പി. പി.എന്‍. ഉണ്ണിരാജന്‍, യുവതിയുടെ പിതാവ് എന്നിവരെ വിസ്തരിക്കാനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയത്. പിതാവ് മരണപ്പെട്ടതിനാല്‍ മറ്റ് ആറു സാക്ഷികളെയാവും കോടതി വിസ്തരിക്കുക. പ്രതിഭാഗം കൈമാറിയ 30 പേരില്‍ നിന്നാണ് ഏഴു പേരെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാക്കളായ വി.എം. സുധീരന്‍, പി.പി. തങ്കച്ചന്‍, പെരുമ്പാവൂരിലെ മുന്‍ എം.എല്‍.എ. സാജു പോള്‍, ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി. ബി. സന്ധ്യ, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ യതീഷ് ചന്ദ്ര, വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ്, പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, കൊല്ലപ്പെട്ട യുവതിയുടെ പിതാവ്, സഹോദരി എന്നിവരടക്കം 30 പേരെ വിസ്തരിക്കണമെന്നാണ് പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നത്.