കൊച്ചി: കല്ലും മുള്ളും ചെളിയും ചവിട്ടി ഒടുവില്‍ അവിടെത്തി. ജവാഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം എന്ന ലോക കപ്പ് വേദിയില്‍. അവര്‍ കാത്തിരുന്ന ദര്‍ശനം ലഭിക്കുന്നതിനായി. തങ്ങളുടെ ഇഷ്ടടീമുകള്‍ കാല്‍പ്പന്തുകളിയില്‍ പരസ്​പരം ഏറ്റുമുട്ടുന്നത് കാണാന്‍.

അതീവ സുരക്ഷയുടെ നാല് ഘട്ടങ്ങള്‍ പിന്നിട്ട് സാക്ഷാല്‍ ലോക കപ്പ് വേദിയിലേക്ക്. സുരക്ഷയുടെ വഴികള്‍ പിന്നിട്ടപ്പോള്‍ ആരാധകര്‍ക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട ക്യാമറയും ബാഗും.

തോറ്റു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. പുറത്ത് വിലപ്പെട്ട രേഖകള്‍ ധൈര്യത്തോടെ വെച്ച് അവര്‍ മുന്നോട്ട് നീങ്ങി. നീണ്ട ക്യൂവുകള്‍. അതും നടക്കേണ്ടത് കല്ലും ചെളിയും നിറഞ്ഞ വഴികളിലൂടെ ഏറെ ദൂരം. ഒടുവില്‍ ഓരോ പടവുകളും ചവിട്ടി ഗാലറിയിലേക്ക്.

ചങ്കല്ല, ചങ്കിടിപ്പാണ് ബ്രസീല്‍

ഒരു ലോക കപ്പ് മത്സരം എന്നതിനപ്പുറം അത് തങ്ങളുടെ ഇഷ്ടടീമിന്റെ മത്സരം എന്ന നിലയിലായിരുന്നു ബ്രസീല്‍ ആരാധകര്‍ കളിയെ കണ്ടത്. മഞ്ഞ ജെഴ്‌സിയും അണിഞ്ഞ്, തലയില്‍ മഞ്ഞ റിബണും കെട്ടി, ബ്രസീലിന്റെ പതാകയും വീശി വുവുസേലയും ഊതി അവര്‍ സ്റ്റേഡിയത്തിന് പുറത്ത് ആര്‍ത്ത് തിമിര്‍ത്തു. ശേഷം അങ്കം അകത്ത്. ബ്രസീല്‍ എന്ന പേര് ഓരോ വട്ടം അനൗണ്‍സ് ചെയ്യുമ്പോഴും ഗാലറികള്‍ ആര്‍ഷാരവത്താല്‍ മുഴങ്ങി.

കളിക്കാര്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചതും എഴുന്നേറ്റുനിന്ന് കാണികള്‍ അവരെ വരവേറ്റു. ദേശീയ ഗാനത്തിനായി എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന അനൗണ്‍സ്‌മെന്റ് വരുമ്പോഴും അവര്‍ നില്‍പ്പ് തുടരുകയായിരുന്നു.

നെയ്മറും വിനീഷ്യസും

ബ്രസീലിന്റെയും സ്‌പെയിന്റെയും ഇന്ത്യയുടെയും അടക്കം പതാകകള്‍ മുഖത്ത് വരയ്ക്കാന്‍ ആരാധകരുടെ തിരക്കായിരുന്നു. സ്റ്റേഡിയത്തിന്റെ പരിസരത്തേക്ക് കടക്കുന്തോറും കാതടപ്പിക്കുന്ന വുവുസേല വിളികളോടെയാണ് കാണികളെ വില്‍പ്പനക്കാര്‍ വരവേറ്റത്. ജേഴ്‌സികളില്‍ ഭൂരിഭാഗത്തിലും പേര് സാക്ഷാല്‍ നെയ്്മറുടേതായിരുന്നു. രണ്ടാം സ്ഥാനം 11 നമ്പര്‍ ബ്രസീല്‍ ജെഴ്‌സിയായിരുന്നു, ഭാവിയുടെ നെയ്മര്‍ വിനീഷ്യസിന്റെ.