കൊച്ചി: കേരളത്തിലെ സമാന്തര സിനിമയുടെ അഗ്രഗാമികളിലൊരാളായ കെ.ജി. ജോര്‍ജിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായിരുന്നു 11-ാമത് സൈന്‍സ് ഷോര്‍ട്ട് ഫിലിം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ മൂന്നാംനാളിലെ മുഖ്യ ആകര്‍ഷണം. എഴുപതുകളിലേയും എണ്‍പതുകളിലേയും കേരളീയ സമൂഹത്തെ വിജയകരമായി അഭ്രപാളികളിലെത്തിച്ച സംവിധായകന്റെ വ്യക്തി ജീവിതത്തിലേക്കും സിനിമാ ജീവിതത്തിലേക്കും വെളിച്ചം വീശുന്നതായിരുന്നു ലിജിന്‍ ജോസ് സംവിധാനം ചെയ്ത 'ഇന്റര്‍കട്ട്‌സ് ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി. ജോര്‍ജ്' എന്ന ഡോക്യുമെന്ററി. ഡോക്യുമെന്ററി കാണാന്‍ കെ.ജി. ജോര്‍ജും ടൗണ്‍ ഹാളിലെത്തിയിരുന്നു.

സൈന്‍സ് ഫെസ്റ്റിവലില്‍ വെള്ളിയാഴ്ച വൈകീട്ട് ആറിന് സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് കെ.ആര്‍. മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് കെ.ആര്‍. ഗൗരിയമ്മ, കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ എന്നിവരെക്കുറിച്ച് കെ.ആര്‍. മോഹനന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററികളുടെ പ്രദര്‍ശനവുമുണ്ടാകും. ഉച്ചയ്ക്ക് 2.30ന് പ്രശസ്ത സാഹിത്യകാരന്‍ യു.എ. ഖാദറിനെക്കുറിച്ച് എന്‍.ഇ. ഹരികുമാര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.