കൊച്ചി: ഫ്രെഡറിക് ഏംഗല്‍സ് സോഷ്യല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റിയൂട്ട് മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്കായി രൂപകല്പന ചെയ്ത മത്സ്യ ചരുവ ട്രോളി പ്രകാശനം ചെയ്തു. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ദുരിത നിവാരണ യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. പ്രകാശന കര്‍മ്മം മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ്, പി.ടി. തോമസ് എം.എല്‍.എ. എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ചടങ്ങില്‍ പൂത്തോട്ട മുക്കാത്തിരി ദ്വീപിലെ രണ്ട് സ്ത്രീകള്‍ക്ക് ട്രോളി ചരുവം വിതരണം ചെയ്തു. മത്സ്യം നിറച്ച ഭാരമുള്ള ചരുവം നിരന്തരം എടുത്തുപൊക്കുന്നതുമൂലം സ്ത്രീകള്‍ ശാരീരിക അവശത അനുഭവിക്കുന്നുണ്ട്. ട്രാവല്‍ ബാഗുകള്‍ക്ക് ചക്രങ്ങള്‍ പിടിപ്പിച്ചതുപോലെയുള്ള ഈ ചരുവങ്ങള്‍ വഴി മത്സ്യത്തൊഴിലാളികളായ സ്ത്രീകളുടെ ജോലി എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ സഞ്ജീവന്‍ മാധവന്‍ പറഞ്ഞു.

ചടങ്ങില്‍ തേവര എസ്.എച്ച്. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളില്‍, എബ്രാഹാം കെ. ജോണ്‍, ഡി.ബി. ബിനു എന്നിവര്‍ സംസാരിച്ചു.