കൊച്ചി: മത്സ്യബന്ധന യാനങ്ങളില്‍ കുറഞ്ഞ കൂലിയില്‍ പ്രവൃത്തിപരിചയമില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിര്‍ത്തുന്നതിനെതിരെ ഫിഷറീസ് വകുപ്പ്.

മതിയായ സുരക്ഷാ സൗകര്യങ്ങളൊന്നും ഒരുക്കാതെ നീന്തല്‍ പോലും അറിയാത്ത ഇതര സംസ്ഥാന തൊഴിലാളികളെ ധാരാളമായി മീന്‍പിടിത്ത മേഖലയില്‍ ഉപയോഗിച്ചു വരുന്നുണ്ട്. അപകടകരമായ സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ പോലുമില്ലാതെ മത്സ്യബന്ധന യാനങ്ങളില്‍ തൊഴിലാളികള്‍ പണിയെടുത്തു പോരുകയാണ്.

ഇന്‍ഷുറന്‍സ് പരിരക്ഷയൊന്നുമില്ലാത്തതിനാല്‍ അപകടത്തില്‍ പെട്ടാല്‍ ഒരു നഷ്ടപരിഹാരവും കിട്ടുകയുമില്ല. കേരളത്തിലെ എല്ലാ തുറമുഖങ്ങളിലും ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ നിറഞ്ഞിരിക്കുകയാണ്.

ഫിഷറീസ് വകുപ്പിന്റെ കീഴില്‍ വരുന്ന തൊഴില്‍ മേഖലയായതിനാല്‍ ഇവിടെ തൊഴില്‍ വകുപ്പിന്റെ ഒരു പരിശോധനയും ഉണ്ടാവുന്നില്ല. ഇത് മുതലെടുത്ത് ബോട്ടുടമകള്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഒരു മാനദണ്ഡവും നോക്കാതെ ജോലിക്ക് നിര്‍ത്തുകയും ചെയ്യുന്നു.

നീന്തല്‍ പോലും വശമില്ലാതെ ഇതര സംസ്ഥാന തൊഴിലാളികള്‍ ബോട്ടപകടത്തില്‍ മരിക്കുന്നത് റിപ്പോര്‍ട്ട്് ചെയ്ത പശ്ചാത്തലത്തിലാണ് ഫിഷറീസ് വകുപ്പുതന്നെ പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്നത്.

ഇത്തരം തൊഴിലാളികളെ ജോലിക്ക് നിര്‍ത്തുന്ന ബോട്ടുടമകള്‍ എല്ലാവിധ അപകടങ്ങള്‍ക്കും നേരിട്ട് ഉത്തരവാദികളായിരിക്കുമെന്നാണ് ഫിഷറീസ് വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുന്നതിനാല്‍ നാട്ടുകാരായ തൊഴിലാളികള്‍ക്ക് തൊഴില്‍ കുറയുന്നുമുണ്ട്.

അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളെ ബോട്ടില്‍ ജോലിക്ക് വയ്ക്കുന്നത് പൂര്‍ണമായും നിരോധിക്കാന്‍ ഫിഷറീസ് വകുപ്പിന് സാധിക്കുകയുമില്ല. അതിനാല്‍ മത്സ്യബന്ധന യാനങ്ങളില്‍ കൃത്യമായ തൊഴിലാളി ലിസ്റ്റ് നിര്‍ബന്ധമാക്കുകയാണ് വകുപ്പ് ചെയ്യുന്നത്.

തിരിച്ചറിയല്‍ രേഖയും ബയോമെട്രിക് കാര്‍ഡുമുള്ള തൊഴിലാളികളെ വേണം ജോലിക്ക് നിര്‍ത്താനെന്ന് ഫിഷറീസ് വകുപ്പ് ബോട്ടുടമകളോട് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കും. ഇവയുടെ രജിസ്‌ട്രേഷനും ലൈസന്‍സും ആറു മാസത്തേക്ക് റദ്ദാക്കുകയും ചെയ്യാനാണ് തീരുമാനം