കൊച്ചി: രണ്ടു വര്‍ഷമായി രവിയുടെ ജീവിതം വീല്‍ചെയറിലാണ്. രണ്ട് പെണ്‍മക്കള്‍. ഭാര്യ ഉഷ കൂലിപ്പണിക്കു പോകുമായിരുന്നു, ഇപ്പോള്‍ അതിനും കഴിയുന്നില്ല - മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ മുന്നിലെത്തിയതും മത്സ്യത്തൊഴിലാളിയായ രവി പൊട്ടിക്കരഞ്ഞു.

ചികിത്സാ സഹായം തേടിയാണ് രവി മന്ത്രിയുടെ മുന്നിലെത്തിയത്. വേണ്ട നടപടി സ്വീകരിക്കാമെന്ന മന്ത്രിയുടെ ഉറപ്പ്. രണ്ടു വര്‍ഷം മുന്‍പാണ് പ്രമേഹം വന്നതിനെ തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റിയത്. തുടര്‍ന്നുള്ള ജീവിതം വീല്‍ചെയറിലാണ്. രണ്ട് പെണ്‍മക്കളെ കല്യാണം കഴിച്ചുവിട്ടു. അതോടെ കടവും പെരുകി.

ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച മത്സ്യ അദാലത്തില്‍ പരാതികളുടെ പ്രവാഹമായിരുന്നു.

മത്സ്യബന്ധനത്തിനു പോയപ്പോള്‍ വീണ് പരിക്കേറ്റ് ഒരു കൈ തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്ത വരാപ്പുഴ സ്വദേശി വി.ആര്‍. രവീന്ദ്രന്‍ ഭാര്യ വിമലയോടൊപ്പമാണെത്തിയത്. എട്ട് മാസം മുമ്പ് പരിക്കുപറ്റിയിട്ടും 58-കാരനായ രവീന്ദ്രന് ചികിത്സാ ധനസഹായം ലഭിച്ചിട്ടില്ലായിരുന്നു. രേഖകള്‍ പരിശോധിച്ച് ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് സഹായം നല്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

വിധവയും ഹൃദയ സംബന്ധമായ രോഗവുമുള്ള രുക്മിണി ഷണ്‍മുഖന്‍ വായ്പാ ഇളവ് തരണമെന്ന അപേക്ഷയാണ് നല്കിയത്. പൂത്തോട്ട കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് 90,000 രൂപ വായ്പയെടുത്തെങ്കിലും തിരിച്ചടവ് പ്രയാസമാണെന്ന് രുക്മിണി പറഞ്ഞു. രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരെ മന്ത്രി ചുമതലപ്പെടുത്തി.

ചെല്ലാനം സ്വദേശിയും വിധവയുമായ മറിയം ചാര്‍ളി, പുതിയ വീടിനുള്ള അപേക്ഷയുമായാണെത്തിയത്. മകന്‍ രോഗ ബാധിതനായി മരിച്ചെന്നും മകള്‍ വിവാഹിതയാണെന്നും അവര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കായി പുതുതായി ആരംഭിക്കുന്ന ഭവന പദ്ധതിയില്‍ പെടുത്തി പരിഗണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.

ചെല്ലാനം ഗ്രാമപ്പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഒ.ഡി.എഫ്. പദ്ധതിയില്‍ പെടുത്തി 10,000 രൂപ അധികമായി നല്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി അദാലത്തില്‍ പരാതി നല്കി. ഈ തുക ഉടന്‍ നല്കുമെന്ന് മന്ത്രി പറഞ്ഞു.

എഴു വര്‍ഷമായി ജോലി ചെയ്തിട്ടും തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നതെന്നായിരുന്നു ആലുവയിലെ അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍) ജീവനക്കാരുടെ പരാതി. പരിശോധിച്ച് നടപടികളെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെയും ഡയറക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്റെയും വിവിധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന അദാലത്തില്‍ മത്സ്യത്തൊഴിലാളികളുടെ 1,181 പരാതികള്‍ തീര്‍പ്പാക്കി.

കടാശ്വാസവുമായി ബന്ധപ്പെട്ട് ലഭിച്ച 630 അപേക്ഷകളില്‍ 2008-നു മുന്‍പുള്ള കടങ്ങളില്‍ സത്വര നടപടി എടുക്കുന്നതിന് കടാശ്വാസ കമ്മിഷന് കൈമാറി. മത്സ്യത്തൊഴിലാളി മരണപ്പെടുകയോ പൂര്‍ണ അവശതയില്‍ ആവുകയോ മൂലം തിരിച്ചടയ്ക്കാന്‍ കഴിയാത്ത അഞ്ചു വായ്പകളിലായി 5.81 ലക്ഷം രൂപയുടെ കടം എഴുതിത്തള്ളി.

മത്സ്യബോര്‍ഡുമായി ബന്ധപ്പെട്ടു ലഭിച്ച 61 അപേക്ഷകളില്‍ നടപടി കൈക്കൊള്ളുന്നതിന് നിര്‍ദ്ദേശം നല്കി. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളുടെ 15 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു.