കൊച്ചി: ലൈസന്‍സില്ലാത്ത കുറ്റിവലയ്ക്കും ചീനവലയ്ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. എറണാകുളം മറൈന്‍ ഡ്രൈവില്‍ മത്സ്യോത്സവവും മത്സ്യ അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കടലിനടുത്ത് 50 മീറ്ററിനകം താമസിക്കുന്നവരെ പുനരധിവസിപ്പിക്കും. ഓരോ വീടിനും 10 ലക്ഷം നല്കിക്കൊണ്ടുള്ള പുനരധിവാസ പദ്ധതി നടപ്പാക്കും. എറണാകുളം ജില്ലയില്‍ ഭൂമിയില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്കായി അഞ്ചു കോടി രൂപയുടെ പദ്ധതിയാണുദ്ദേശിക്കുന്നത്. ചെല്ലാനം മത്സ്യബന്ധന തുറമുഖ പദ്ധതി പൂര്‍ത്തീകരിക്കാന്‍ നാട്ടുകാരുടെ സഹായവും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വാര്‍ഫിനും റോഡിനുമായി കുറച്ച് സ്ഥലമേറ്റെടുക്കേണ്ടതുണ്ട്. വ്യക്തികള്‍ സമ്മതപത്രം തന്നാല്‍ ഉടന്‍ പദ്ധതിയാരംഭിക്കും.

രോഗം മൂലമോ അത്യാഹിതം കാരണമോ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പലിശ രഹിത വായ്പ നല്കാനും മത്സ്യഫെഡ് പദ്ധതിയിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹൈബി ഈഡന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ഇ-സമുദ്ര മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രകാശനവും മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു.

മത്സ്യത്തൊഴിലാളി കൂട്ടായ്മയുടെ ഉദ്ഘാടനം എസ്. ശര്‍മ എം.എല്‍.എ. നിര്‍വഹിച്ചു. കെ.ജെ. മാക്‌സി എം.എല്‍.എ., ഫിഷറീസ് ഡയറക്ടര്‍ എസ്. കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഡയറക്ടര്‍ രവിശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.