കൊച്ചി: വനാമി ചെമ്മീനിന്റെ ആവശ്യം വര്‍ധിച്ചതോടെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ചെമ്മീന്‍കൃഷി വ്യാപകമാകുന്നു. ചെമ്മീന്‍ കയറ്റുമതിയില്‍ ഇന്ത്യയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. നിലവാരം കുറഞ്ഞ ചെമ്മീന്‍ കൃഷി വ്യാപകമാകുന്നതോടെ ചെമ്മീനിന് അന്താരാഷ്ട്ര വിപണിയല്‍ ഇടിവ് വരാനുള്ള സാധ്യത ഏറെയാണ്. കയറ്റുമതിയില്‍ മുന്നില്‍ നിന്നിരുന്ന തായ്‌ലാന്‍ഡില്‍ ചെമ്മീനുകള്‍ക്ക് കൂട്ടത്തോടെ രോഗം ബാധിച്ചത് ഇന്ത്യന്‍ ചെമ്മീനിന് വിദേശ വിപണിയില്‍ ആവശ്യക്കാരേറാന്‍ കാരണമായി.

കോസ്റ്റല്‍ അക്വാ കള്‍ച്ചര്‍ അതോറിറ്റിയുടെ (സി.എ.എ.) നിശ്ചയിച്ചിട്ടുള്ള ഹാച്ചറികളില്‍ നിന്നാകണം വനാമി ചെമ്മീന്‍ കുഞ്ഞുങ്ങളെ വാങ്ങേണ്ടത്. ക്ലോറിന്‍ ഇട്ട് ശുചീകരിച്ച വെള്ളം, ജലശുദ്ധീകരണ ശാല, പക്ഷികള്‍ എത്താതിരിക്കുന്നതിന് ഫാമിനു മുകളിലും വശങ്ങളിലുമായി വല നിര്‍മാണം എന്നിവയും വനാമി വളര്‍ത്തുന്നതിന് ആവശ്യമാണ്.
 
സി.എ.എ.യുടെ പരിശോധനയ്ക്കു ശേഷമാണ് വനാമി വളര്‍ത്തുന്നതിന് ലൈസന്‍സ് നല്‍കുക. എന്നാല്‍, ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പലയിടത്തും വനാമി കൃഷി ചെയ്യുന്നത്. അംഗീകാരമില്ലാത്ത ഹാച്ചറികളില്‍ നിന്ന് വാങ്ങുന്ന ചെമ്മീന്‍ കുഞ്ഞുങ്ങള്‍ പലപ്പോഴും രോഗത്തിനിരയാവുന്നുണ്ട്. ഇത്തരം ചെമ്മീന്‍ ഉപയോഗിച്ചുള്ള കൃഷി കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയാകും.

2015-ല്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) പരീക്ഷണാടിസ്ഥാനത്തിലാണ് വനാമി ചെമ്മീന്‍ വികസിപ്പിച്ചത്. സംസ്ഥനത്ത് എറണാകുളം, തൃശ്ശൂര്‍, ചേര്‍ത്തല, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ചെമ്മീന്‍കൃഷി കൂടുതലുള്ളത്. ഇന്ത്യ, ചൈന, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും ചെമ്മീന്‍ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും ഉയര്‍ന്ന ഗുണനിലവാരമുള്ള ഇന്ത്യന്‍ ചെമ്മീനിനാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പ്രിയം.
 
അമേരിക്കയിലും യൂറോപ്പിലും ജപ്പാന്‍ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ഇന്ത്യന്‍ ചെമ്മീനിനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. ചെമ്മീനുകള്‍ക്ക് കൂട്ടത്തോടെ രോഗം ബാധിച്ചതോടെ തായ്‌ലാന്‍ഡില്‍ നിന്നുള്ള കയറ്റുമതി കുറയുകയായിരുന്നു. അംഗീകാരമില്ലാത്ത ഹാച്ചറികളില്‍ നിന്നു വാങ്ങിയ ചെമ്മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്തി വില്ക്കുന്നതോടെ തായ്‌ലാന്‍ഡിനു സംഭവിച്ചത് ഇന്ത്യക്കും സംഭവിക്കാന്‍ സാധ്യതകള്‍ ഏറെയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.