കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ 25 മുതല്‍ 27 വരെ നടക്കുന്ന മത്സ്യോത്സവത്തിനു മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗസ്റ്റ് ഹൗസ് മുതല്‍ മറൈന്‍ ഡ്രൈവ് വരെയായിരുന്നു ജാഥ. മത്സ്യത്തൊഴിലാളി ജനവിഭാഗങ്ങള്‍, വിവിധ രാഷ്ട്രീയ, സംഘടനാ നേതാക്കള്‍, പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ശ്രീലു എന്‍.എസ്. പ്രസംഗിച്ചു.

മത്സ്യോത്സവത്തിന്റെ ഉദ്ഘാടനം 25 ന് രാവിലെ 10 ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും. മന്ത്രിയുടെ നേതൃത്വത്തില്‍ മത്സ്യ അദാലത്തും നടത്തും. ഹൈബി ഈഡന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. കെ.വി. തോമസ് എം.പി. ഇ-സമുദ്ര മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനം നിര്‍വഹിക്കും.

മത്സ്യത്തൊഴിലാളി കൂട്ടായ്മ, തീരമൈത്രി സംഗമം, മത്സ്യകര്‍ഷക സംഗമം എന്നിവയും മത്സ്യോത്സവത്തിന്റെ ഭാഗമായി നടക്കും. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സെമിനാര്‍, കേന്ദ്ര-സംസ്ഥാന ഫിഷറീസ് വകുപ്പുകളുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രദര്‍ശനം, അലങ്കാരമത്സ്യ പ്രദര്‍ശനം, മത്സ്യ വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഭക്ഷ്യമേള, സായംസന്ധ്യകളെ വര്‍ണാഭമാക്കുന്ന കലാ പരിപാടികള്‍ എന്നിവയുമുണ്ടാകും.