കൊച്ചി: കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെ (കുഫോസ്) ഗ്രാമം ദത്തെടുക്കല്‍ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമായി കുമ്പളം പഞ്ചായത്തിലെ 9, 10 വാര്‍ഡുകളില്‍ കര്‍ഷക സംഘങ്ങള്‍ രൂപവത്കരിച്ച് പെന്‍ കള്‍ച്ചര്‍ യൂണിറ്റുകള്‍ സ്ഥാപിച്ചു.

ഫിഷറീസ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍ യൂണിറ്റുകളില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.

ശുദ്ധജല മത്സ്യകൃഷി, ഓരുജല മത്സ്യകൃഷി, ചെമ്മീന്‍ കൃഷി, സംയോജിത മത്സ്യകൃഷി, കൂടുകൃഷി, പെന്‍ കള്‍ച്ചര്‍ തുടങ്ങിയ വിവിധ തരത്തിലുള്ള മത്സ്യ കൃഷികളെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമങ്ങളിലെ പഞ്ചായത്തുകളുടെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കര്‍ഷകദിനം പ്രമാണിച്ച് ജൂലായ് 10, 11, 12 തീയതികളില്‍ മത്സ്യ കര്‍ഷകര്‍ക്ക് പരിശീലന ക്ലാസ്സുകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.