കൊച്ചി: ഉദ്ഘാടനം ചെയ്ത് ഒരാഴ്ചയെത്തുമ്പോഴേക്കും മെട്രോയില്‍ ചോര്‍ച്ച. ട്രെയിനില്‍ നിന്ന് അകത്തേക്ക് വെള്ളം ഒലിച്ചിറങ്ങുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

എന്നാല്‍ ചോര്‍ച്ചയുണ്ടായത് മഴ മൂലം അല്ലെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.) അധികൃതര്‍ നല്‍കുന്ന വിശദീകരണം. എയര്‍ കണ്ടീഷണറില്‍ നിന്നുള്ള വെള്ളമാണ് ട്രെയിനിലേക്ക് ഒഴുകുന്നതെന്നും അവര്‍ വിശദീകരിക്കുന്നു.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് ട്രെയിന്‍ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ ചോര്‍ച്ചയുണ്ടാകില്ല. പ്രശ്‌നത്തെക്കുറിച്ച് കോച്ചിന്റെ നിര്‍മാതാക്കളായ അല്‍സ്റ്റോമിനെ അറിയിച്ചിട്ടുണ്ട്. പുതിയ ട്രെയിനുകളില്‍ ഈ പ്രശ്‌നം ഉണ്ടാകില്ലെന്ന് നിര്‍മാതാക്കള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. നിലവിലെ ട്രെയിനുകളില്‍ പ്രശ്‌നം പരിഹരിച്ചു വരികയാണെന്നും കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.