കൊച്ചി: നഗരവത്കരണവും വികസന പ്രവര്‍ത്തനങ്ങളും കായലിന്റെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വേമ്പനാട് കായല്‍ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്ന് ജില്ലാ ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. ജില്ലാ ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സി.എം.എഫ്.ആര്‍.ഐ.യില്‍ സംഘടിപ്പിച്ച 'വേമ്പനാട് കായലിലെ എക്കല്‍: ബാധ്യതയും സാധ്യതയും' എന്ന ശില്പശാലയിലാണ് ഈ ആവശ്യമുയര്‍ന്നത്.

സി.എം.എഫ്.ആര്‍.ഐ. ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. കെ.കെ. പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. സി.എം.എഫ്.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ. സുനില്‍ മുഹമ്മദ് ചര്‍ച്ച നിയന്ത്രിച്ചു. ചാള്‍സ് ജോര്‍ജ്, ഡോ. കെ.ജി. പത്മകുമാര്‍, ഡോ. കെ.ആര്‍. മുരളി, ഡോ. ജി. നാഗേന്ദ്ര പ്രഭു, ഡോ. ഡി. പ്രേമ എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.