കൊച്ചി: കൊച്ചി എന്തെന്നു മനസ്സിലാക്കാന്‍ ഫ്രഞ്ചുകാരനായ ഫ്രാങ്‌സ്വാ മസബ്രൗ പോയത് ആംസ്റ്റര്‍ഡാം, ലണ്ടന്‍, ലിസ്ബണ്‍ എന്നീ നഗരങ്ങളിലേക്ക്. കൊച്ചി സാമ്രാജ്യത്വത്തിന് കീഴിലാക്കപ്പെട്ടപ്പോള്‍ ഇവിടെ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്തൊക്കെയാണെന്ന് മനസ്സിലാക്കാനായിരുന്നു ആ യാത്ര. താന്‍ കണ്ടതൊക്കെ ഫാങ്‌സ്വാ ബിനാലെയില്‍ തയ്യാറാക്കിയ ദൂരദര്‍ശിനികളിലൂടെ സന്ദര്‍ശകരുമായി പങ്കിടുന്നു.

ഫോര്‍ട്ട്‌കൊച്ചിയില്‍ ആസ്​പിന്‍വാള്‍ ഹൗസിലെ കടലിന് അഭിമുഖമായ ബാല്‍ക്കണിയില്‍ അങ്ങനെയാണ് ഹിഡന്‍ സ്‌കൈലൈന്‍സ് എന്ന കലാസൃഷ്ടി പിറന്നത്.

ഈ സൃഷ്ടിക്കു വേണ്ടിയാണ് കൊച്ചിയെ സാമ്രാജ്യത്വത്തിനു കീഴിലാക്കിയ എല്ലാ രാജ്യങ്ങളുടെയും തുറമുഖങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്തത്. ഒരു ദൂരദര്‍ശിനി ആസ്​പിന്‍വാള്‍ ഹൗസിലും മറ്റൊന്ന് ഫോര്‍ട്ട്‌കൊച്ചി ബീച്ചിലുമാണ് സ്ഥാപിച്ചത്. ഇതിലൂടെ സൃഷ്ടിയിലെ കൗശലം സന്ദര്‍ശകര്‍ തിരിച്ചറിയാന്‍ നിര്‍ബന്ധിതരാകുമെന്നാണ് അദ്ദേഹം കരുതുന്നത്.