കൊച്ചി: ഓള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍ (എ.കെ.ബി.എഫ്.) സംഘടിപ്പിക്കുന്ന അഖിലഭാരത ബ്രാഹ്മണ മഹാ സംഗമം ഫെബ്രുവരി 25, 26 തീയതികളില്‍ കാലടിയില്‍ നടക്കും.
25 ന് രാവിലെ പത്തിന് 29 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഓള്‍ ഇന്ത്യ ബ്രാഹ്മിന്‍ ഫെഡറേഷന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തോടെ ബ്രാഹ്മണ മഹാ സംഗമത്തിന് തുടക്കമാകും.
കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കും. ബ്രാഹ്മണ കൂട്ടായ്മയോടനുബന്ധിച്ച് പഞ്ചദിന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് എ.കെ.ബി.എഫ്. സെക്രട്ടറി ജനറല്‍ എസ്. സുബ്രഹ്മണ്യന്‍ മൂസത് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 22 ന് ഗുരുവായൂരില്‍ നിന്ന് പൂര്‍ണകുംഭ പ്രയാണം ആരംഭിച്ച് ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.
26 ന് നടക്കുന്ന മഹാ സംഗമത്തില്‍ അയ്യായിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
കേരളത്തില്‍ യോഗക്ഷേമ സഭ, കേരള ബ്രാഹ്മണ സഭ, ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം, മലയാളം ബ്രാഹ്മണ സമാജം, ശിവദ്വിജ സേവാ സമിതി, ഉഡുപ്പി മാധ്വ ബ്രാഹ്മണ സഭ, ഗൗഡ സരസ്വത ബ്രാഹ്മണ ക്ഷേമ സഭ എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് എ.കെ.ബി.എഫ്.
ഗൗഡ സാരസ്വത ബ്രാഹ്മണ ക്ഷേമസഭ പ്രസിഡന്റ് രംഗദാസ പ്രഭു, ഓള്‍ ഇന്ത്യ ബ്രാഹ്മിന്‍ ഫെഡറേഷന്‍ ദേശീയ സെകട്ടറി മണി എസ്. തിരുവല്ല എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.