കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല തുരുത്തിപ്പുറത്ത് നടപ്പിലാക്കി വരുന്ന മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി.
80 ചതുരശ്ര മീറ്ററില്‍ നിന്നും ശരാശരി 650 ഗ്രാം തൂക്കമുള്ള 250 കിലോ വറ്റ ലഭിച്ചു. ഒരു കിലോ വറ്റ 370 രൂപയ്ക്കാണ് വിറ്റഴിച്ചത്. രാസവസ്തുക്കള്‍ ചേര്‍ക്കാതെ തികച്ചും ജൈവികമായ രീതിയില്‍ വളര്‍ത്തിയെടുത്ത ഈ മത്സ്യങ്ങള്‍ക്ക് ആവശ്യക്കാരേറെയായിരുന്നു.
പുത്തന്‍വേലിക്കര ഗ്രാമപ്പഞ്ചായത്തിലെ തുരുത്തിപ്പുറത്ത് ജെന്‍സണ്‍ പടമ്മാട്ടുമ്മല്‍ ആണ് സര്‍വകലാശാലയുടെ മേല്‍നോട്ടത്തില്‍ പെന്‍ കള്‍ച്ചര്‍ രീതിയില്‍ മത്സ്യകൃഷി നടത്തിയത്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന്‍, രജിസ്ട്രാര്‍ ഡോ. വി.എം. വിക്ടര്‍ ജോര്‍ജ്, ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ഡോ. ഡെയ്‌സി സി. കാപ്പന്‍ എന്നിവര്‍ വിളവെടുപ്പിന് നേതൃത്വം നല്‍കി.
കായലോരത്ത് സ്ഥാപിച്ചിരിക്കുന്ന ചീനവലകളില്‍ ലഭ്യമാകുന്ന വറ്റയുടെ ചെറിയ കുഞ്ഞുങ്ങളെ സമീപത്ത് ഉറപ്പിച്ചിരിക്കുന്ന പെന്‍ കള്‍ച്ചര്‍ യൂണിറ്റിലേക്ക് നിക്ഷേപിക്കും. ഇവയെ ആറു മുതല്‍ എട്ടു മാസം വരെ വളര്‍ത്തിയെടുക്കുന്നു. ഇവയ്ക്ക് തീറ്റയായി ചീനവലകളില്‍ നിന്നു തന്നെ കിട്ടുന്ന തെള്ളിച്ചെമ്മീനും ചെറുമീനുകളുമാണ് നല്‍കുന്നത്.