കൊച്ചി: രാത്രിയുടെ മറവില്‍ മാലിന്യം റോഡില്‍ തള്ളുന്നവര്‍ക്ക് പുതിയ 'പണി'. നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണ്, പിടിച്ചാല്‍ പോലീസിലേല്പിക്കും തുടങ്ങിയ പതിവ് ഭീഷണികളല്ല. ക്യാമറയില്‍ പതിയുന്നവരുടെ ചിത്രമെടുത്ത് വലിയ ഫ്‌ളക്‌സടിച്ച് 'ഈ മാന്യന്മാരെ ശ്രദ്ധിക്കുക' എന്ന തലക്കെട്ടോടെ റോഡില്‍ പരസ്യപ്പെടുത്തും. കലൂരിലെ എ.സി.എസ്. സ്‌കൂള്‍ റോഡ് റസിഡന്റ്‌സ് അസോസിയേഷനാണ് മാലിന്യം റോഡില്‍ തള്ളി മുങ്ങുന്നവര്‍ക്ക് 'പണി കൊടുക്കാന്‍' പുതിയ ആശയം നടപ്പാക്കിയിരിക്കുന്നത്.

നഗരത്തിലെ റോഡുകളില്‍ രാത്രിയില്‍ മാലിന്യം തള്ളി മുങ്ങുന്നത് പതിവ് പരിപാടിയാണ്. നഗരസഭ നടപടിയെടുക്കുമെന്നെല്ലാം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആളെ പിടിക്കാന്‍ മാര്‍ഗമൊന്നുമില്ല. വല്ലപ്പോഴും ഹെല്‍ത്ത് സര്‍ക്കിളിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് ഇറങ്ങും, അത്ര മാത്രം. രാത്രിയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെക്കൊണ്ട് സഹികെട്ട് പലയിടത്തും റസിഡന്റ്‌സ് അസോസിയേഷനുകള്‍ സ്വന്തം നിലയില്‍ പ്രതിരോധം തീര്‍ക്കുകയാണ്.നിങ്ങള്‍ ക്യാമറാ നിരീക്ഷണത്തിലാണെന്ന് എഴുതിവച്ച് പേടിപ്പിച്ചു നോക്കും. എന്നാല്‍ അതൊന്നും കൂസാതെ ആളുകള്‍ മാലിന്യം എറിഞ്ഞുകൊണ്ടേയിരിക്കും.

രാത്രിയില്‍ ഊഴം വെച്ച് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള റസിഡന്റ്‌സ് അസോസിയേഷനുകളുമുണ്ട്. മാലിന്യം എറിയുന്ന ആളെ തിരിച്ചറിഞ്ഞാലും എന്തു നടപടി സ്വീകരിക്കണമെന്നതും പ്രശ്‌നമാണ്. അവിടെയാണ് എ.സി.എസുകാര്‍ പുതുവഴി വെട്ടിയത്. റസിഡന്റ്‌സ് അസോസിയേഷന്‍ അതിര്‍ത്തിയില്‍ ആറ് നിരീക്ഷണ ക്യാമറകള്‍ വെച്ചു. ക്യാമറ വെച്ചിട്ടുണ്ടെന്ന് എഴുതിയും വെച്ചു. ഒരു പ്രയോജനവുമുണ്ടായില്ല. ക്യാമറയൊന്നും ഉണ്ടാവില്ലെന്ന ഉറപ്പില്‍ മാലിന്യം തള്ളല്‍ തുടര്‍ന്നു.മാലിന്യം തള്ളുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ ഒടുവില്‍ അവരെ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അസോസിയേഷന്‍ സെക്രട്ടറി ശ്രീനിവാസന്‍ പറഞ്ഞു.

നാല് ചാക്കുകളിലായി സ്‌കുളിനടുത്ത് റോഡരികില്‍ മാലിന്യം തള്ളിയവര്‍ ക്യാമറയില്‍ പെട്ടു. നഗരസഭാ അധികൃതരെ വിളിച്ച് മാലിന്യം രാവിലെ തന്നെ നീക്കി. ക്യാമറയില്‍ പതിഞ്ഞവരുടെ ചിത്രം ഫ്‌ലക്‌സടിച്ച് റോഡില്‍ പലയിടത്തായി സ്ഥാപിച്ചു. ഇതോടെ മാലിന്യം തള്ളിയവര്‍ക്ക് ആ വഴിതന്നെ ഉപേക്ഷിക്കേണ്ടി വന്നിരിക്കുകയാണ്. റോഡില്‍ മാലിന്യം തള്ളിയാല്‍ നാടുതന്നെ വിട്ടുപോകേണ്ട സ്ഥിതി. കേസുമില്ല, പൊല്ലാപ്പുകളുമില്ല...സംഗതി ഏറ്റു, റോഡില്‍ മാലിന്യം വീഴാതായി...