കൊച്ചി: പൗരസ്ത്യ ക്ലാസിക് ചിത്രത്തെ ആധുനിക ചൈനയിലെ ഫോട്ടോയിലേക്ക് പകര്‍ത്തുന്നതാണ് ചൈനീസ് കലാകാരനായ ദായ് ഷിയാങ്ങിന്റെ കൊച്ചി മുസിരിസ് ബിനാലെയിലെ പ്രദര്‍ശനം. 25 മീറ്ററാണ് ഈ ഫോട്ടോയുടെ നീളം. വലിപ്പം കൊണ്ടല്ല, സൂക്ഷ്മതകളുടെയും ചരിത്രത്തിന്റെ കാലിക പ്രസക്തമായ പുനരാഖ്യാനത്തിന്റെയും പ്രത്യേകതകള്‍ കൊണ്ടാണ് 'ദി ന്യൂ എലോങ് ദി റിവര്‍ ഡ്യൂറിങ് ദി കിങ്മിങ് ഫെസ്റ്റിവല്‍ 2014' എന്നു പേരിട്ടിരിക്കുന്ന സൃഷ്ടി ശ്രദ്ധേയമാകുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടിലെ ഴാങ് സെഡ്വാന്റെ പ്രശസ്ത വരയായ റിവര്‍സൈഡ് സീന്‍ അറ്റ് കിങ്മിങ് ഫെസ്റ്റിനെ അടിസ്ഥാനമാക്കിയ സൃഷ്ടിയില്‍ കഥാപാത്രങ്ങളെയും സംഭവ വികാസങ്ങളെയും പൂര്‍ണമായും പരിവര്‍ത്തനം ചെയ്തിരിക്കുകയാണെന്ന് ദായ് ഷിയാങ്ങ് പറയുന്നു.
മൂന്നുവര്‍ഷത്തെ പ്രയത്‌നവും ആയിരത്തിലധികം ഷോട്ടുകളും ഈ ചിത്രത്തിന്റെ നിര്‍മാണത്തിനു പിന്നിലുണ്ട്. ആയിരത്തോളം കഥാപാത്രങ്ങള്‍ കടന്നുവരുന്ന പനോരമയില്‍ 90 കഥാപാത്രങ്ങളായി ദായ് ഷിയാങ് തന്നെ വേഷമിട്ടിട്ടുണ്ട്.
ദേശകാല അതിരുകള്‍ ഭേദിച്ച് വര്‍ത്തമാനകാല ചൈനയിലെ യാഥാര്‍ഥ്യങ്ങളെ നാടകീയ ആഖ്യാനത്തിലൂടെ സ്ഥാപിച്ചെടുക്കുകയാണ് ചിത്രം. സോങ് വംശ കാലഘട്ടത്തിലെ പെയിന്റിങ്ങിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുനരാഖ്യാനം ചൈനീസ് സമൂഹ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയായിരുന്നു.
ബിനാലെയുടെ പ്രധാന വേദിയായ ആസ്​പിന്‍വാള്‍ ഹൗസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ പനോരമ ചിത്രം ആദ്യ കാഴ്ചയില്‍ സോങ് പെയിന്റിങ് പോലെതന്നെ തോന്നും. എന്നാല്‍ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍, ആധുനിക ചൈനയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും ദൃശ്യമാകും.