കൊച്ചി: വിദേശ ട്രോളറുകള്‍ ഉപയോഗിച്ച് ചട്ടം പാലിക്കാതെയുള്ള ആഴക്കടല്‍ മത്സ്യബന്ധനം തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. വന്‍ തോതില്‍ സമുദ്രോത്പന്നങ്ങളാണ് ട്രാന്‍സ്ഷിപ്‌മെന്റ് വഴി കടലില്‍ െവച്ചുതന്നെ കയറ്റിപ്പോകുന്നതെന്നാണ് ആക്ഷേപം.
ഇതുമൂലം ആഭ്യന്തര ബോട്ടുകള്‍ക്ക് മീനിന്റെ ലഭ്യത കുറയുകയാണെന്ന് ഹര്‍ജിക്കാരനായ കൊല്ലം സ്വദേശി എം.കെ. സലീം നേരിട്ട് ഹാജരായി വാദിച്ചു.
കേന്ദ്ര കൃഷിമന്ത്രാലയം നല്‍കുന്ന അനുമതിക്കത്തിന്റെ അടിസ്ഥാനത്തില്‍ കടലില്‍ പോകും മുമ്പ് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടിയില്‍ (എം.പി.ഇ.ഡി.എ.) റിപ്പോര്‍ട്ട് ചെയ്ത് രജിസ്റ്റര്‍ ചെയ്യണമെന്നുണ്ട്.
2004 മുതലാണ് ഈ സംവിധാനം തുടങ്ങിയത്. ഇതുവരെയായിട്ടും ആഴക്കടല്‍ യാനങ്ങളൊന്നും അതോറിട്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ നിന്നറിഞ്ഞതായി ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. ഈ ചൂഷണം അവസാനിപ്പിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അതോറിട്ടിയോ, കോസ്റ്റ് ഗാര്‍ഡോ, റിസര്‍വ് ബാങ്കോ, സര്‍ക്കാറുകളോ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വിദേശ നിര്‍മിത കപ്പലുകളെ നിയന്ത്രിക്കണം. എം.പി.ഇ.ഡി.എ., കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവയാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍.