കൊച്ചി: വിദേശ ട്രോളറുകള്‍ ഉപയോഗിച്ച് ചട്ടം പാലിക്കാതെയുള്ള ആഴക്കടല്‍ മത്സ്യബന്ധനം തടയാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി. പ്രതിവര്‍ഷം 500 ദശലക്ഷം ഡോളറിന്റെ സമുദ്രോത്പന്നങ്ങളാണ് കടലില്‍ നിന്ന് വിദേശത്തേക്ക് അയയ്ക്കുന്നതെന്നാണ് പഠന റിപ്പോര്‍ട്ട്. കടലിലെ ട്രാന്‍സ്ഷിപ്‌മെന്റ് വഴിയാണ് ചൂഷണം. നാട്ടിലെ ബോട്ടുകള്‍ക്ക് മീനിന്റെ ലഭ്യത കുറയുന്നെന്നും ഹര്‍ജിയിലുണ്ട്.
കൊല്ലം സ്വദേശിയായ എം.കെ. സലീം ആണ് ഹര്‍ജിക്കാരന്‍. ഇത് ചൊവ്വാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. കേന്ദ്ര കൃഷിമന്ത്രാലയം നല്‍കുന്ന അനുമതിക്കത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശ ട്രോളറുകള്‍ ഇന്ത്യന്‍ ഉടമകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്നത്.
ആദ്യ അനുമതിക്കത്തിനുള്ള പതിനായിരം രൂപ ഫീസ് മാത്രമാണ് സര്‍ക്കാറിന് ലഭിക്കുന്നത്. ഒരു വിദേശ ട്രോളര്‍ ഒരു സീസണില്‍ 11 കോടിയുടെ മീന്‍ പിടിക്കുന്നു എന്നാണ് പഠന റിപ്പോര്‍ട്ട്. അത് കയറ്റുമതി നടപടികള്‍ പാലിക്കാതെ കടലില്‍ നിന്ന് തന്നെ വിദേശത്തേക്ക് അയയ്ക്കുകയും ചെയ്യുന്നു.
വിദേശ ട്രോളറിന് അനുമതിപത്രം കിട്ടി കടലില്‍ പോകും മുമ്പ് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിട്ടിയില്‍ (എം.പി.ഇ.ഡി.എ.) റിപ്പോര്‍ട്ട് ചെയ്ത് രജിസ്റ്റര്‍ ചെയ്യണമെന്നുണ്ട്. 15 ദിവസത്തെ മീന്‍പിടിത്തം കഴിഞ്ഞാലും അതോറിട്ടിയില്‍ അറിയിക്കണം. തിരിച്ചെത്തുന്ന ട്രോളറുകള്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ പരിശോധിക്കണം. ഇതൊന്നും പാലിക്കപ്പെടുന്നില്ല.
2004 മുതലാണ് ഈ സംവിധാനം തുടങ്ങിയത്. ഇതുവരെയും ആഴക്കടല്‍ യാനങ്ങളൊന്നും അതോറിട്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ നിന്നറിഞ്ഞതായി ഹര്‍ജിയില്‍ പറയുന്നു. പിടിച്ച മത്സ്യത്തിന്റെ കണക്ക് അതോറിട്ടിയോ റിസര്‍വ് ബാങ്കോ ഉള്‍പ്പെടെ അധികാരികളുടെ കൈവശം ഇല്ലെന്നാണ് ആക്ഷേപം.
പിടിച്ച മത്സ്യം കടലില്‍ നിന്നു തന്നെ വിദേശ കപ്പലുകള്‍ക്ക് കൈമാറുകയാണ്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം രാജ്യത്തിന് നഷ്ടമാവുന്നു. ആഭ്യന്തര മീന്‍പിടിത്തക്കാര്‍ക്ക് മീന്‍ കിട്ടുന്നില്ല. സമുദ്രത്തിലെ ആവാസ വ്യവസ്ഥ തകരാറിലാവുകയും ചെയ്യുന്നു.
അനധികൃതമായ ആഴക്കടല്‍ മത്സ്യബന്ധനം തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അതോറിട്ടിയോ കോസ്റ്റ് ഗാര്‍ഡോ റിസര്‍വ് ബാങ്കോ സര്‍ക്കാറുകളോ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വിദേശ നിര്‍മിത കപ്പലുകളെ നിയന്ത്രിക്കണം. വ്യവസ്ഥകള്‍ കര്‍ശനമാക്കുകയും അവ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വേണം.