കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന് ഫിഷറീസ് സൊസൈറ്റിയുടെ (എഫ് എസ്) സ്വര്‍ണ മെഡല്‍.
മത്സ്യ കൂടുകൃഷിയുടെ പ്രചാരണത്തിന് സിഎംഎഫ് ആര്‍ഐ നടത്തിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സമ്മാനിക്കുന്ന പുരസ്‌കാരം ഡോ. ഗോപാലകൃഷ്ണന് ലഭിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ നടത്തുന്ന 750-ല്പരം കൂടുകൃഷി സംരംഭങ്ങള്‍ക്ക് സി എംഎഫ്ആര്‍ഐ നിലവില്‍ സാങ്കേതിക സഹായം നല്‍കുന്നുണ്ട്.
ബാങ്കോക്കില്‍ നടന്ന 11-ാമത് ഏഷ്യന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഫോറത്തില്‍ എഫ് എസ് പ്രസിഡന്റ് പ്രൊഫ. ഷോലിന്‍ ഹോംഗ് ഡോ. ഗോപാലകൃഷ്ണന് സ്വര്‍ണമെഡലും പ്രശസ്തിപത്രവും സമ്മാനിച്ചു.
എഫ്എസ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി 13-ാമത് ജനറല്‍ ബോഡി യോഗം ഡോ. ഗോപാലകൃഷ്ണനെ നാമനിര്‍ദ്ദേശം ചെയ്തു.