കൊച്ചി : 13-ാമത് ജേസി ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് 'കുഞ്ഞിരാമായണം' അര്‍ഹമായി. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും (പത്തേമാരി) നടിക്കുള്ള പുരസ്‌കാരം നയന്‍താരയും (ഭാസ്‌കര്‍ ദി റാസ്‌കല്‍) നേടി. സിദ്ദിഖ് ആണ് മികച്ച സംവിധായകന്‍. ചിത്രം ഭാസ്‌കര്‍ ദി റാസ്‌കല്‍.
ജേസിയുടെ 77-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ടൗണ്‍ഹാളില്‍ 17ന് നടക്കുന്ന ചടങ്ങില്‍ സിനിമ, ടിവി, നാടക, സാഹിത്യ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. 6.30 ന് നടക്കുന്ന ചടങ്ങ് വിജിലന്‍സ് ഡി.ജി.പി. ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും. എ.പി. ദാസ്, ആര്‍. മോഹന്‍, അഞ്ജു ബോബി ജോര്‍ജ്, ഡയാന സില്‍വെസ്റ്റര്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, പെരുമാള്‍ മുരുകന്‍ എന്നിവരെ ആദരിക്കും.
മറ്റ് പുരസ്‌കാരങ്ങള്‍: മികച്ച സഹ നടന്‍ രഞ്ജി പണിക്കര്‍ (അനാര്‍ക്കലി), സഹ നടി - സീമ ജി. നായര്‍ (കുഞ്ഞിരാമായണം), ഗായകന്‍ - അഫ്‌സല്‍
(ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന ചിത്രത്തിലെ മനസ്സിലായിരം കസവു നെയ്യുമീ), ഗായിക - ചിത്ര അരുണ്‍ (റാണി പത്മിനി എന്ന ചിത്രത്തിലെ ഒരു മകരനിലാവ്), ഗാന രചയിതാവ് - എം.ആര്‍. ജയഗീഥ (തിലോത്തമയിലെ ദീനാനുകമ്പ തന്‍ തിരുരൂപമേ), സംഗീത സംവിധായകന്‍ - ബിജിബാല്‍ (സു.സു.സുധി വാത്മീകം), തിരക്കഥ - ബോബി സഞ്ജയ് (നിര്‍ണായകം), പുതുമുഖ സംവിധായകര്‍ : ആര്‍.എസ്. വിമല്‍ (എന്നു നിന്റെ മൊയ്തീന്‍), നാദിര്‍ഷ (അമര്‍ അക്ബര്‍ അന്തോണി), പ്രീതി പണിക്കര്‍ (തിലോത്തമ), പുതുമുഖ നടന്‍ - സിദ്ധാര്‍ത്ഥ് മേനോന്‍ (റോക്സ്റ്റാര്‍), പുതുമുഖ നടി - ജ്യൂവല്‍ മേരി (പത്തേമാരി), പാര്‍വതി രതീഷ് (മധുരനാരങ്ങ), ചാന്ദിനി എസ്. (കെ.എല്‍.10), ബാലനടി - ബേബി മീനാക്ഷി (അമര്‍ അക്ബര്‍ അന്തോണി), ബാലനടന്‍ - മാസ്റ്റര്‍ വര്‍ക്കിച്ചന്‍ (സോള്‍ട്ട് മാംഗോ ട്രീ).
മികച്ച സീരിയല്‍ - 'പൊന്നമ്പിളി', ടി.വി. സീരിയല്‍ സംവിധായകന്‍ - ഉണ്ണി ചെറിയാന്‍ (കാര്യം നിസ്സാരം), സീരിയല്‍ നടന്‍ - റിസബാവ (ദത്തുപുത്രി), സീരിയല്‍ നടി - സരയു (ഈറന്‍നിലാവ്), ടി.വി. അവതാരക - ആനി (ഫ്‌ലവേഴ്‌സ്), അവതാരകന്‍ - വിജയകൃഷ്ണന്‍ (ജയ്ഹിന്ദ്). മികച്ച നാടകം - നാരങ്ങാമിഠായി (മലയാള നാടകവേദി, ആറ്റിങ്ങല്‍), മികച്ച ചെറുകഥ - സേതു (മാതൃഭൂമി-ഓണ്‍ലൈന്‍).
പുരസ്‌കാര സമിതി ജൂറി ചെയര്‍മാന്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബ്രഹാം ലിങ്കണ്‍, ജൂറി അംഗം സലാവുദ്ദീന്‍ കേച്ചേരി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.