കൊച്ചി: വിദേശത്തും സ്വദേശത്തും ആവശ്യക്കാര്‍ ധാരാളം. പണം വാരാനാവുന്ന ബിസിനസ്. എന്നിട്ടും കേരളത്തില്‍ അലങ്കാര മത്സ്യകൃഷിയും കച്ചവടവും കയറ്റുമതിയും വേണ്ടത്ര മുന്നേറുന്നില്ല. പ്രതിവര്‍ഷം 35 ലക്ഷത്തോളം രൂപയുടെ മാത്രം കയറ്റുമതി. അത് വര്‍ദ്ധിപ്പിക്കാന്‍ നാലുകൊല്ലം മുമ്പ് പദ്ധതിയുണ്ടാക്കിയതായിരുന്നു, സര്‍ക്കാര്‍. ലക്ഷ്യം കണ്ടില്ല.
സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിട്ടിയുടേയും സമുദ്ര മത്സ്യഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും ചില സ്വകാര്യ സംരംഭകരുടേയും സാന്നിധ്യമാണ് ഈ മേഖലയിലുള്ളത്. ഗുണമേന്മയുള്ള മത്സ്യങ്ങളുടെ കുറവും ആവശ്യത്തിന് അവ കിട്ടാനില്ലാത്ത സാഹചര്യവുമാണ് കയറ്റുമതിയെ ബാധിക്കുന്നത്.
അലങ്കാര മത്സ്യങ്ങളുടെ ഉല്പാദനവും കയറ്റുമതിയും വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് 2012-ലാണ് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയത്. പല പേരുകളില്‍ അറിയപ്പെടുന്ന കേരളത്തിലെ അലങ്കാര മത്സ്യങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ വലിയ മാര്‍ക്കറ്റുണ്ടെന്ന് കണ്ടെത്തിയാണ് സര്‍ക്കാര്‍ ഇതിനു ശ്രമമാരംഭിച്ചത്.
ലോകത്ത് അലങ്കാര മത്സ്യ മാര്‍ക്കറ്റില്‍ പ്രതിവര്‍ഷം 70,000 കോടി രൂപയുടെ കച്ചവടം നടക്കുമ്പോള്‍ ഇന്ത്യയുടെ പങ്ക് അതില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ്. കേരളത്തിന്റെ സംഭാവന തീരെ തുച്ഛവും. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമാണ് കേരളത്തിന്റെ കയറ്റുമതി. ഇന്ത്യയില്‍ നിന്ന് കയറ്റി അയയ്ക്കുന്നവയില്‍ കൂടുതലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു സംഭരിക്കുന്നവയാണ്.
അലങ്കാര മത്സ്യകൃഷിക്ക് കേരളത്തില്‍ അനന്തമായ സാധ്യതയാണുള്ളതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. ശുദ്ധജല ലഭ്യതയുണ്ടെങ്കില്‍ നമ്മുടെ വീട്ടുവളപ്പില്‍ അത്ര ആയാസമൊന്നും കൂടാതെ നടത്താവുന്ന കൃഷി. എന്നാല്‍ ഇപ്പോള്‍ അതിനൊരു ഏകോപനത്തിന്റെ കുറവുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്നത് സിംഗപ്പുരാണ്. തായ്‌ലന്‍ഡിലും മലേഷ്യയിലുമുള്ള ഫാമുകളില്‍ നിന്നു ശേഖരിക്കുന്ന മത്സ്യങ്ങള്‍ സിംഗപ്പുരിലെത്തിച്ചാണ് വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ ശാസ്ത്രീയമായി കൃഷി ചെയ്യാനുള്ള വഴികള്‍ കര്‍ഷകര്‍ക്കു പറഞ്ഞുകൊടുക്കാനും യഥാസമയം മത്സ്യം ശേഖരിച്ച് സൂക്ഷിച്ച് കയറ്റുമതി ചെയ്യാനുമുള്ള ഏജന്‍സികളുടെ കുറവ് നന്നായുണ്ട്.
ഓരോ വര്‍ഷം കഴിയുന്തോറും ആവശ്യക്കാര്‍ കൂടിവരുന്നുണ്ട്. പക്ഷേ, നല്‍കാനാവുന്നില്ല. സാധാരണ മത്സ്യമുണ്ടാക്കി വില്‍ക്കുന്നതിനെ അപേക്ഷിച്ച് പത്തിരട്ടി വില കൂടുതല്‍ കിട്ടാനുള്ള സാഹചര്യമുണ്ടായിട്ടും ചെറിയ വര്‍ധനയേ കൃഷിയിലുള്ളൂ. വിദേശ രാജ്യങ്ങളില്‍ ഡിമാന്റുള്ള ഇരുനൂറിലധികം അലങ്കാര മത്സ്യയിനങ്ങള്‍ നമുക്കുണ്ടെങ്കിലും ഇതാണവസ്ഥ.