കൊച്ചി: തൊട്ടുമുന്നില്‍ കടല്‍. മാനം ഒന്നു കാറുകൊണ്ടാല്‍ കടല്‍ഭിത്തിക്കു മുകളിലൂടെ തിരമാലകള്‍ മുറ്റം വരെയെത്തും. ഞാറയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ സ്ഥിതിയാണിത്.
ഒരു കിലോമീറ്ററോളം കടലെടുത്തുകൊണ്ടിരിക്കുന്ന കരിങ്കല്‍ ഭിത്തിക്കരികിലൂടെ സഞ്ചരിച്ചു വേണം കൃഷിവിജ്ഞാന കേന്ദ്രത്തിലെത്താന്‍
ദേശീയ സമുദ്ര മത്സ്യഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കീഴിലാണ് എറണാകുളം ജില്ലാ കൃഷിവിജ്ഞാന്‍ കേന്ദ്രം. അതുകൊണ്ടായിരിക്കണം 1976-ല്‍ കേന്ദ്രം ആരംഭിക്കുമ്പോള്‍ അത് കടല്‍ത്തീരത്തായത്. അന്ന് പക്ഷേ, ഇന്നത്തേതിനെക്കാള്‍ ഒരു കി.മീറ്ററെങ്കിലും ദൂരത്തായിരുന്നു കടലെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് കയറിക്കയറി കടല്‍ പടിയോളമെത്തിയിരിക്കുന്നു. ദുര്‍ഘടമായ വഴിയാണ് ഇങ്ങോട്ടുള്ളത്. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ ഈ വഴിയിലൂടെയാണ് എന്നും ഓഫീസില്‍ വരുന്നത്. കേന്ദ്രത്തിലേക്ക് എത്തിച്ചേരാന്‍ യാതൊരു ഗതാഗത സംവിധാനവുമില്ലാത്തതില്‍ 2011-ല്‍ നിയമസഭാ സമിതി അതൃപ്തി രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നിട്ടും കാര്യങ്ങളില്‍ മാറ്റമൊന്നുമുണ്ടായില്ല.
ഓഫീസിലെ കമ്പ്യൂട്ടറുകളും മറ്റുപകരണങ്ങളും കൂടെക്കൂടെ പണിമുടക്കും. അന്തരീക്ഷത്തിലെ ഉപ്പിന്റെ സാന്നിധ്യമാണിതിന് കാരണം.
ജില്ല മുഴുവന്‍ കൃഷികാര്യങ്ങളുമായി ബന്ധപ്പെണ്ടേ ചുമതലയുണ്ട് ഇവിടത്തെ ജീവനക്കാര്‍ക്ക്. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷങ്ങളിലായി പ്രവര്‍ത്തനങ്ങളില്‍ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്, ഈ കേന്ദ്രം.
കേന്ദ്രം ഇപ്പോള്‍ ഒട്ടേറെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമുണ്ട്. നല്ലയിനം വിത്തും ജൈവ വളങ്ങളും വളര്‍ച്ചാ ത്വരകങ്ങളും ജൈവ കീടനാശിനിയുമൊക്കെ ജനങ്ങളിലെത്തിക്കാന്‍ യത്‌നിക്കുന്നു. ജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് കേന്ദ്രത്തെ മാറ്റേണ്ടതുണ്ടെന്ന് സമുദ്ര മത്സ്യഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മത്സ്യ ഗവേഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി ഞാറയ്ക്കലിലെ കേന്ദ്രം മാറ്റിയെടുക്കണമെന്ന ആശയമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.