കൊച്ചി: തീരദേശ പരിപാലന രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന് കടല്‍ത്തീരത്തൊരു പ്രായോഗിക പരിശീലനം. സ്മാര്‍ട്ട് മൊബൈല്‍ ഫോണില്‍ ജി.ഐ.എസ്. (ജ്യോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) സാങ്കേതിക വിദ്യ ഉപയോഗിച്ച് തീരദേശ പരിപാലന പഠനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരിശീലനം.
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും (കുഫോസ്) നാണ്‍സന്‍ എന്‍വയണ്‍മെന്റല്‍ റിസര്‍ച്ച് സെന്റര്‍ - ഇന്ത്യയും (നെര്‍സി) സംയുക്തമായി നടത്തുന്ന പഞ്ചദിന തീരദേശ പരിപാലന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പരിശീലനം. എറണാകുളം ജില്ലയിലെ വൈപ്പിന്‍ മേഖലയിലെ തീരപ്രദേശങ്ങളിലാണ് പരിശീലനം നല്‍കിയത്.
വേലിയേറ്റ, വേലിയിറക്ക സമയങ്ങളില്‍ തീരങ്ങളുടെ വ്യാപ്തി, അനധികൃത തീരദേശ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കണ്ടല്‍വന മാപ്പിംഗ്, കടല്‍ കയറിവരുന്ന തീരഭാഗങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് തുടര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജി.ഐ.എസ്. ഘടിപ്പിച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്ന രീതികള്‍ സംഘത്തിന് പരിചയപ്പെടുത്തി. ജി.ഐ. എസ്. സംവിധാനമുള്ള മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൂടി പകര്‍ത്തിയെടുക്കുന്ന ജിയോടാഗ് ഫോട്ടോഗ്രാഫി പരിശീനവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കും ജി.ഐ.എസ്. സംവിധാനമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഏറെ പ്രയോജനകരമാകും. മത്സ്യലഭ്യതയുള്ള ഭാഗങ്ങള്‍ മൊബൈലില്‍ രേഖപ്പെടുത്തുന്നതിലൂടെ തുടര്‍ന്നുള്ള മത്സ്യബന്ധനങ്ങളില്‍ ഈ ഭാഗം പെട്ടെന്ന് തിരിച്ചറിയാന്‍ ജി.ഐ.എസ്. സംവിധാനം മത്സ്യത്തൊഴിലാളികള്‍ക്ക് വഴികാട്ടും.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലെ ശാസ്ത്രജ്ഞരായ ഡോ. എസ്.കെ. ധാഷ്, ജി. ഗോപിനാഥ്, എം. ഇയ്യപ്പന്‍, നെര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. അജിത് ജോസഫ് എന്നിവര്‍ പ്രായോഗിക പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ ആന്‍ഡ് മറൈന്‍ ഏരിയ ഡെവലപ്പ്‌മെന്റിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
കുഫോസ്, കുസാറ്റ്, കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം, സേക്രഡ് ഹാര്‍ട്ട് കോളേജ്, രാജഗിരി കോളേജ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, നെര്‍സി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും ഗവേഷകരുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
പരിശീലന പരിപാടി വെള്ളിയാഴ്ച സമാപിക്കും.

കുഫോസ് നടത്തുന്ന തീരദേശ പരിപാലന പരിശീലന പരിപാടിയുടെ ഭാഗമായി വൈപ്പിന്‍ കടല്‍ത്തീരത്ത് സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠന പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പരിശീലിക്കുന്നു