കൊച്ചി: കടല്‍മത്സ്യങ്ങളെ ബാധിക്കുന്ന മാരക വൈറസായ ബിറ്റാനോഡ വൈറസിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന കിറ്റ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്തു. ഈ വൈറസിനെ അതിജീവിക്കാനുള്ള വഴിയില്ല. വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കുകയേ തരമുള്ളൂ. അതിനാല്‍, വൈറസ് ബാധ കൃത്യസമയം കണ്ടെത്തുക എന്നത് വളരെ പ്രധാനം. അതിനാണ് ഈ കിറ്റ്.
അത്യാധുനിക ഉപകരണങ്ങളുടെ സഹായമില്ലാതെയും കുറഞ്ഞ ചെലവിലും ലളിതമായും വൈറസിനെ കണ്ടെത്താവുന്ന കിറ്റ്, കടല്‍മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്ന ഹാച്ചറികള്‍ക്കും കടല്‍ക്കൂട് മത്സ്യകൃഷിക്കാര്‍ക്കും സ്വന്തമായി ഉപയോഗിക്കാം. 'ബിറ്റാനോഡ ഡിറ്റക്ട്' എന്നു പേരിട്ടിരിക്കുന്ന ഈ കിറ്റ് ഉപയോഗിച്ച് തള്ള മത്സ്യങ്ങള്‍, മുട്ട, ലാര്‍വ, കുഞ്ഞുങ്ങള്‍, തീറ്റയ്ക്ക് ഉപയോഗിക്കുന്ന മത്സ്യങ്ങള്‍ എന്നിവയിലെ വൈറസ് സാന്നിധ്യം കണ്ടെത്താം. അതിനെ ഒഴിവാക്കാം. ബിറ്റാനോഡ വൈറസ് മനുഷ്യരെ ബാധിക്കുന്നതല്ല.
കേന്ദ്ര കാര്‍ഷിക ഗവേഷണ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറലുമായ ഡോ. ത്രിലോചന്‍ മഹാപത്രയാണ് കിറ്റ് പുറത്തിറക്കിയത്. കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ്കൃഷ്ണ ജൈന, സെക്രട്ടറി ഛബിലേന്ദ്ര റൗള്‍, സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.