കരുമാല്ലൂര്‍: പോള മൂടിക്കിടന്ന ആലങ്ങാട് കല്ലുപാലം കുളത്തില്‍ മത്സ്യകൃഷി തുടങ്ങുന്നു. ആലങ്ങാട് പഞ്ചായത്തിലെ മത്സ്യ കര്‍ഷക സംഘത്തിന്റെ കീഴിലുള്ള ഒരു യൂണിറ്റായിട്ടാണ് കൃഷി തുടങ്ങുന്നത്. റിട്ട. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥന്‍ കള്ളിക്കാട്ടുപറമ്പില്‍ രാജന്റെ നേതൃത്വത്തിലാണ് യൂണിറ്റ് ആരംഭിക്കുന്നത്. കല്ലുപാലത്തിന് സമീപമുള്ള ഈ കുളത്തില്‍നിന്നും പോളപ്പായലും കാടും നീക്കം ചെയ്ത് കൃഷിക്ക് അനുയോജ്യമാക്കി. ഇനി സംഘത്തില്‍ നിന്നും നല്‍കിയിട്ടുള്ള മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. സംഘത്തിന്റെ പ്രസിഡന്റ് രാധാമണി ജയസിങ്, സംഘം കോ-ഓര്‍ഡിനേറ്റര്‍ കെ.ആര്‍. പുരുഷോത്തമന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആലങ്ങാട് പഞ്ചായത്തില്‍ ഇതോടുകൂടി മത്സ്യക്കര്‍ഷകരുടേതായി 51 യൂണിറ്റുകളാകും. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് ഇവയെല്ലാം പ്രവര്‍ത്തിച്ചുവരുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച വിളവ് പ്രചോദനമായി കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേക്ക് കടന്നുവരുന്നുമുണ്ട്.