കരുമാല്ലൂര്‍: പ്ലാസ്റ്റിക് കുപ്പികളും പാഴ്വസ്തുക്കളും ഒഴുക്കുനിലച്ച വെള്ളത്തില്‍ കെട്ടിക്കിടക്കുന്നു. ചെളിയും മാലിന്യവും നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നു. ആലങ്ങാട്ടെ പെരിയാര്‍ തോടും കൈവഴികളും സംരക്ഷിക്കുന്നതിനായി ഞായറാഴ്ച 'ജലയാത്ര' നടത്തുന്ന ജനപ്രതിനിധികളേയും പരിസ്ഥിതി പ്രവര്‍ത്തകരേയും കാത്തിരിക്കുന്നത് ഇത്തരം ദൃശ്യങ്ങളാണ്. ഇതെല്ലാം ഒഴിവാക്കി പെരിയാര്‍ തോടിനെ തെളിനീരാക്കി ഒഴുക്കണം. അതിന് സാധിക്കുമോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം.

കരുമാല്ലൂര്‍ പഞ്ചായത്തില്‍നിന്ന് തുടങ്ങി ആലങ്ങാട് മേത്താനത്ത് അവസാനിക്കുന്ന ജലാശയമാണ് പെരിയാര്‍ തോട്. കരിങ്ങാംതുരുത്തിലേക്കും കടുങ്ങല്ലൂര്‍ ഓഞ്ഞിത്തോട്ടിലേക്കും ഇതിന് കൈവഴികളുണ്ട്. ഇതെല്ലാം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച 2.30-ന് ആലങ്ങാട്-കരുമാല്ലൂര്‍ മേഖലാ റസിഡന്റ്‌സ് അസോസിയേഷനാണ് ജലയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

ഇതേ ആവശ്യം വിവിധ സംഘടനകള്‍ ഇതിനുമുമ്പും ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളതാണ്. അതൊന്നും നടപ്പായില്ല. പ്രധാന കാരണം ഈ ജലാശയത്തിലുണ്ടായിട്ടുള്ള കൈയേറ്റമാണ്. റസിഡന്റ്‌സ് അസോസിയേഷന്റെ പ്രതിനിധികള്‍ ജലയാത്രയ്ക്ക് മുന്നോടിയായി കഴിഞ്ഞദിവസം വഞ്ചിയില്‍ ഈ പുഴയിലൂടെ യാത്ര നടത്തിയിരുന്നു. പലയിടത്തും ഒരു വഞ്ചിക്ക് കടന്നുപോകാന്‍പോലും പറ്റാത്ത അവസ്ഥയാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

ഇരുവശങ്ങളും കൈയേറ്റത്തിന്റെ പിടിയിലാണ്. ആലങ്ങാട് പുതിയറോഡിനു സമീപം സ്വകാര്യവ്യക്തി ഒരു പാലം പണിതിട്ടുമുണ്ട്. ഉയരംകുറച്ച് പണിതിട്ടുള്ള ഈ പാലത്തിനടിയിലൂടെ വഞ്ചിയിലുള്ള സഞ്ചാരമൊന്നും സാധിക്കുകയുമില്ല. പ്രദേശത്തെ പ്രധാന രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ വരെ പുഴത്തീരം കൈയേറിയെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇതൊന്നും ഒഴിപ്പിക്കാന്‍ ആരും തയ്യാറാകില്ല. പിന്നെയെങ്ങനെ പുഴയുടെ നവീകരണം നടക്കുമെന്നാണ് ജനം ചോദിക്കുന്നത്.

അതിന് മറുപടി, ജലയാത്രയ്ക്കു ശേഷമുള്ള പൊതുയോഗത്തില്‍ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കൈയേറ്റം ഒഴിപ്പിക്കാനും പുഴ നവീകരിക്കാനും നേതൃത്വം കൊടുക്കാമെന്ന് ഇവരെല്ലാം ഉറപ്പു നല്‍കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ റസിഡന്റ്‌സ് അസോസിയേഷന്റെ ഈ ഉദ്യമം വിജയിക്കുകയുള്ളൂ.