കരുമാല്ലൂര്‍: നിപ വൈറസ് പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധിഭീഷണി ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം കൂട്ടി. മഴക്കാലത്തിന്റെ തുടക്കത്തിലുണ്ടാകാറുള്ള ഒ.പി. എണ്ണത്തില്‍നിന്ന് വലിയ വര്‍ധനയാണ് കഴിഞ്ഞദിവസങ്ങളില്‍ ആരോഗ്യകേന്ദ്രങ്ങളില്‍ കാണപ്പെട്ടത്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറവ് ഒട്ടുമിക്ക കേന്ദ്രങ്ങളിലും രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയുമാണ്. നിപ വൈറസ് പടരാനുള്ള സാഹചര്യം കൂടുതലായുള്ളത് നാട്ടിന്‍പ്രദേശങ്ങളിലാണെന്നാണ് ആരോഗ്യവകുപ്പുതന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആലങ്ങാട് ബ്ലോക്ക് സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ കരുമാല്ലൂരിലാണ് ഒ.പി. എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനയുണ്ടായിട്ടുള്ളത്. ഇവിടെ ഇതുവരെ ഒരുദിവസം നൂറ് രോഗികള്‍ എന്നതായിരുന്നു ശരാശരി കണക്ക്. ഒരാഴ്ചയായി അത് 125 രോഗികളായി കൂടിയിട്ടുണ്ട്. ആലങ്ങാട് പഞ്ചായത്തിന്റെ കരിങ്ങാംതുരുത്തിലുള്ള ആരോഗ്യകേന്ദ്രത്തില്‍ ചെറിയരീതിയിലുള്ള വര്‍ധന മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇവിടെ ഒരു ദിവസം 75 രോഗികളാണ് എത്തിയിരുന്നത്. അത് 80 എന്ന നിലയിലാണ് ഇപ്പോള്‍. എന്നാല്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നൂറിലധികമായിരുന്നു രോഗികളുടെ കണക്ക്. കിടത്തിച്ചികിത്സാ സംവിധാനംവരെയുള്ള ബിനാനിപുരത്തും ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനയാണുണ്ടായിട്ടുള്ളത്. ഇവിടെ ഏകദേശം 125 രോഗികളായിരുന്നു എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 25 രോഗികളോളം പ്രതിദിനം കൂടുതലായി എത്തുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കരുമാല്ലൂരില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തത് ദുരിതമായി. കുടുംബാരോഗ്യകേന്ദ്രമായി പദവി ഉയര്‍ത്തിയെങ്കിലും കരുമാല്ലൂരില്‍ ഇപ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. സര്‍ക്കാറിന്റെ 'ആര്‍ദ്രം' പദ്ധതിയില്‍ ഇടംപിടിച്ചതോടെയാണ് ഇതിനെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയത്. അതോടെ ഡോക്ടര്‍മാരുടെ എണ്ണം ഒന്നില്‍നിന്ന് മൂന്നായി. ചികിത്സാസമയവും വര്‍ദ്ധിപ്പിച്ചു. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ ഇവിടെ ചികിത്സ നല്‍കിയിരുന്നു. എന്നാല്‍ പനിക്കാലമായതോടെ എല്ലാം താളംതെറ്റിയിരിക്കുകയാണ്. ചികിത്സാസമയം 11 മുതല്‍ നാലുമണിവരെയാക്കി. കാരണം ഡോക്ടര്‍മാരില്ലാത്തതാണ്. ഒരു ഡോക്ടര്‍ മെഡിക്കല്‍ അവധിയിലും മറ്റൊരാള്‍ പരിശീലനത്തിലുമാണ്. രണ്ടാഴ്ചക്കാലമായി ഒരു ഡോക്ടറുടെ സേവനം മാത്രമാണ് രോഗികള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് മണിക്കൂറുകളോളം കാത്തുനിന്നാണ് പലരും മരുന്നുവാങ്ങി പോകുന്നത്. എന്നാല്‍ ഇവിടെ സൗജന്യനിരക്കിലുള്ള ലാബും ഇ.സി.ജി. സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നതും രോഗികള്‍ക്ക് ആശ്വാസംപകരുന്നുണ്ട്. ആലങ്ങാട് ആരോഗ്യകേന്ദ്രത്തിലും ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. രണ്ടുദിവസമായി ആ ഡോക്ടര്‍ പരിശീലനത്തിലാണ്. അതുകൊണ്ട് ചികിത്സതേടിയെത്തുന്നവര്‍ മടങ്ങിപ്പോകേണ്ട അവസ്ഥയാണുള്ളത്.