കരുമാല്ലൂര്‍: കുപ്പത്തൊട്ടിയായിക്കിടന്നിരുന്ന കനാല്‍ത്തീരം വിളനിലമാക്കി വിളയിച്ചെടുത്തത് വിവിധതരം ജൈവപച്ചക്കറികള്‍. നാട്ടുകൂട്ടായ്മയില്‍ വിളയിച്ച വെണ്ടയും ചീരയുമെല്ലാം ജനപ്രതിനിധികളെത്തി വിളവെടുത്തു.

പടിഞ്ഞാറേ കടുങ്ങല്ലൂര്‍ മംഗളോദയം ലൈബ്രറിയുടെ നേതൃത്വത്തിലായിരുന്നു രണ്ടുമാസം മുമ്പ് ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കം കുറിച്ചത്. കടുങ്ങല്ലൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ കനാല്‍ത്തീരമെല്ലാം മാലിന്യംമൂടി കാടുപിടിച്ചു കിടക്കുകയായിരുന്നു. ഇത് ലൈബ്രറി ഭാരവാഹികളും പ്രദേശവാസികളും ചേര്‍ന്ന് വെട്ടിത്തെളിച്ച് വൃത്തിയാക്കിയാണ് പച്ചക്കറികൃഷി ചെയ്തത്. കഴിഞ്ഞ ദിവസം വാര്‍ഡുമെമ്പര്‍മാരായ ജ്യോതി ഗോപകുമാര്‍, ഇന്ദിര കുന്നക്കാല, ഗീത സലീംകുമാര്‍ എന്നിവര്‍ചേര്‍ന്ന് പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സുരേഷ് മുട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ആര്‍. രാധാകൃഷ്ണന്‍, പി.എസ്. രാധാകൃഷ്ണന്‍, സി.കെ. ബാബു, ബി. രാധാകൃഷ്ണന്‍, പി. ശശിധരന്‍നായര്‍, രാധ ബി. പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു. വിളവെടുക്കുന്ന പച്ചക്കറികള്‍ ലൈബ്രറിയിലെത്തിച്ചേരുന്ന വായനക്കാര്‍ക്ക് സൗജന്യമായി നല്‍കുവാനാണ് ഭാരവാഹികളുടെ തീരുമാനം.