കരുമാല്ലൂര്‍: ഏലൂര്‍ മേത്താനംവരെ സര്‍വീസ് നടത്തുന്ന ബസുകള്‍ പാനായിക്കുളം കൂനമ്മാവ് പ്രദേശങ്ങളിലേക്ക് നീട്ടണമെന്ന ആവശ്യത്തോട് അധികാരികള്‍ മുഖംതിരിക്കുന്നു. ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷനുകള്‍. എറണാകുളം, കളമശ്ശേരി, ആലുവ എന്നിവിടങ്ങളില്‍നിന്നെല്ലാം ഏലൂര്‍ മേത്താനത്തേക്ക് ബസുകളുണ്ട്. 15 സ്വകാര്യബസുകളാണ് ഇവിടംവരെ സര്‍വീസ് നടത്തുന്നത്. വടക്കേ ഏലൂരില്‍ അതിന് അനുയോജ്യമായ ബസ് സ്റ്റാന്‍ഡുമുണ്ട്. പെരിയാറിന്റെ മറുകരയിലുള്ള പാനായിക്കുളം, ചിറയം ഭാഗത്തുള്ളവര്‍ കടത്തിറങ്ങിച്ചെന്ന് ഈ ബസ് സ്റ്റാന്‍ഡില്‍നിന്നും യാത്രചെയ്തിരുന്ന രീതിയായിരുന്നു അടുത്തിടവരെ. എന്നാല്‍ ഏലൂര്‍ മേത്താനം പാലം വന്നതോടെ സ്ഥിതി മാറി. രണ്ടു കരകളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന അവസ്ഥ വന്നതോടെയാണ് പാനായിക്കുളംകാര്‍ ബസ് സര്‍വീസ് നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇത് ജനങ്ങളാവശ്യപ്പെടുന്നവിധം ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് സൗര്യമാകും. എറണാകുളത്തേക്കുള്ള എളുപ്പയാത്രയുമാകും. കൂനമ്മാവിലോ കൊങ്ങോര്‍പ്പിള്ളിയിലോ ബസ് നിര്‍ത്തിയിടുന്നതിനുള്ള സൗകര്യമൊരുക്കി യാത്ര അവിടംവരെയാക്കണം. എങ്കില്‍ കോട്ടുവള്ളി, വരാപ്പുഴ പഞ്ചായത്തുകളുടെ കിഴക്കേ അതിര്‍ത്തിയിലുള്ളവര്‍ക്കും ആലങ്ങാട് പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയിലുള്ളവര്‍ക്കും ഈ ബസ് സര്‍വീസുകളെ ആശ്രയിക്കാം. ഇപ്പോള്‍ ഇവിടത്തുകാര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കെല്ലാം പോകുന്നത് മൂന്ന് ബസുകള്‍ മാറിക്കയറിയാണ്. അതിനെല്ലാം മേത്താനം ബസുകള്‍ കൂനമ്മാവുവരെ ദീര്‍ഘിപ്പിക്കുന്നതോടെ പരിഹാരമാകും. ഇത് ജനങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. ബസുടമകള്‍ക്കും ഇതിനോട് താത്പര്യമുണ്ട്. എന്നാല്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനോട് താത്പര്യം കാണിക്കുന്നില്ല. സര്‍വീസുകളുടെ സമയം ക്രമീകരിച്ചിരിക്കുന്ന പട്ടികയില്‍ വരുത്തേണ്ട മാറ്റമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. അത് പെട്ടെന്ന് മാറ്റംവരുത്തിയാല്‍ മറ്റു ബസുകളുടെ സമയക്രത്തിലും മാറ്റങ്ങളുണ്ടാകും. എന്നാല്‍ മേത്താനത്തെത്തുന്ന മുഴുവന്‍ ബസുകളും ദീര്‍ഘിപ്പിക്കാതെ പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ സര്‍വീസ് നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇത് വിജയകരമാണെങ്കില്‍ മാത്രം മറ്റുള്ളവയുടെ കാര്യം പരിഗണിച്ചാല്‍ മതിയാകും. മാത്രമല്ല വടക്കേ ഏലൂര്‍ ബസ് സ്റ്റാന്‍ഡിലെത്തുന്ന ബസുകള്‍ കൂടുതല്‍സമയം അവിടെ കാത്തുകിടന്നശേഷമാണ് തിരിച്ചുള്ള സര്‍വീസ് തുടങ്ങുന്നത്. ഈ സമയം കൊണ്ടുതന്നെ കൂനമ്മാവുവരെയെത്തി തിരിച്ചുപോകാനുമാകും. ഇതിനൊന്നും അനുഭാവപൂര്‍ണമായ നിലപാട് വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്നില്ല. അതുകൊണ്ടാണ് ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. പ്രദേശത്തെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കൊങ്ങോര്‍പ്പിള്ളി ഡിവിഷന്‍ അധികാരികള്‍ക്ക് സമര്‍പ്പിക്കുന്ന അവകാശപത്രികയില്‍ ഈ ആവശ്യം ഇടംപിടിച്ചിട്ടുണ്ട്. കൂടാതെ വകുപ്പ് മന്ത്രി ഉള്‍െപ്പടെയുള്ളവര്‍ക്ക് നിവദേനം നല്‍കാനാണ് തീരുമാനം. തുടര്‍ന്ന് യാത്രക്കാരേയും പ്രദേശവാസികളേയും സംഘടിപ്പിച്ച് വലിയ സമരം സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ കൊങ്ങോര്‍പ്പിള്ളി ഡിവിഷന്‍ വൈസ് പ്രസിഡന്റ് എം.എസ്. ആനന്ദന്‍, സെക്രട്ടറി ബെന്നി പനേലി എന്നിവര്‍ പറഞ്ഞു.