കരുമാല്ലൂര്‍: നെല്‍കൃഷിക്ക് പേരുകേട്ട കരുമാല്ലൂരില്‍ പൊക്കാളി കൃഷിയും തിരിച്ചുകൊണ്ടുവരാന്‍ തയ്യാറെടുക്കുന്നു. അതിനായി പാടശേഖര സമിതിയുടേതു പോലെ പൊക്കാളി കര്‍ഷക സമിതിക്ക് രൂപം നല്‍കി. ഇനി പൊക്കാളി വികസന ഏജന്‍സിയുമായി ചേര്‍ന്ന് പഞ്ചായത്തിലെ പൊക്കാളി പാടങ്ങള്‍ സജീവമാക്കും. കരുമാല്ലൂര്‍, വെളിയത്തുനാട് പാടശേഖരങ്ങളില്‍ നെല്‍കൃഷി സജീവമായിരുന്നതു പോലെ പഞ്ചായത്തിലെ തെക്ക് പടിഞ്ഞാറ് മേഖലകളില്‍ പൊക്കാളി വിളയിക്കാന്‍ ധാരാളം കര്‍ഷകരുണ്ടായിരുന്നു. 16, 17, 18, 19 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട തട്ടാംപടി, മനയ്ക്കപ്പടി, പുതുക്കാട് ഭാഗങ്ങളില്‍ പുഴയോട് ചേര്‍ന്നാണ് പൊക്കാളി കൃഷി നടത്തിയിരുന്നത്. ഏതാണ്ട് നൂറേക്കറിലധികം കൃഷിഭൂമി ഉണ്ടായിരുന്നു.
പൊക്കാളി കൊയ്ത്ത് കഴിയുമ്പോള്‍ ചെമ്മീന്‍കൃഷിയുമൊക്കെയായി കര്‍ഷകര്‍ പാടത്ത് സജീവമായിരുന്നു. പിന്നീട് അധികൃതര്‍ക്ക് പൊക്കാളി കൃഷിയോടുള്ള അവഗണന മൂലം കര്‍ഷകര്‍ പലരും ഇത് ഉപേക്ഷിച്ചു. വൈറസ്ബാധ മൂലം ചെമ്മീന്‍ കൃഷിയും ലാഭമല്ലാതായി. അങ്ങനെ ആരും ഇത് നടത്താതെയായി. എന്നാല്‍ പൊക്കാളി വികസന ഏജന്‍സി ഈ കൃഷിക്ക് ഇപ്പോള്‍ ആവശ്യമായ സഹായം നല്‍കുന്നുണ്ട്.
ഇത് ഉപയോഗപ്പെടുത്താനായി കരുമാല്ലൂര്‍ പഞ്ചായത്താണ് ഇപ്പോള്‍ പൊക്കാളി കൃഷി പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്നത്. പൊക്കാളിയും ചെമ്മീനും ഒന്നിടവിട്ട് എന്ന രീതിയിലാണ് ആലോചിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കരുമാല്ലൂര്‍ പഞ്ചായത്ത് പൊക്കാളി കര്‍ഷക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. സി.വി. സുജി (പ്രസി.), കെ.എസ്. പ്രേംജി (സെക്ര.), എന്‍.എ. രമേശന്‍ (ട്രഷ.) എന്നിവരെ സമിതിയുടെ ഭാരവാഹികളായി തിരഞ്ഞെടുത്തു.