കാക്കനാട്: തെരുവിലുറങ്ങുന്നവര്‍ക്ക് തലചായ്ക്കാനും അന്തിയുറങ്ങാനും സുരക്ഷിതമായൊരിടം ഒരുക്കാന്‍ തൃക്കാക്കര നഗരസഭയും ഒരുങ്ങുന്നു. തൃക്കാക്കരയിലെ പൊതു സ്ഥലങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് സുരക്ഷിതത്വം, ശുചിത്വ സൗകര്യങ്ങള്‍, ശുദ്ധജല ലഭ്യത തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥിരമായ ഒരു പാര്‍പ്പിട സംവിധാനം ഒരുക്കുന്നതിന് ദേശീയ നഗര ഉപജീവന മിഷനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഇത്തരത്തിലുള്ളവരെ കണ്ടെത്തുന്നതിനായുള്ള സര്‍വേ കഴിഞ്ഞദിവസം നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു, വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. സര്‍വേയിലൂടെ രാത്രികാലങ്ങളിലാണ് വിവരശേഖരണം നടത്തുന്നത്. തൃക്കാക്കരയില്‍ നിന്ന് ജീവനോപാധി കണ്ടെത്തുന്നവര്‍ക്ക് തടസ്സംകൂടാതെ ഏതുസമയത്തും ജോലിക്കുപോകുന്നതിനും തിരികെ വരുന്നതിനും ഉതകുന്ന തരത്തിലാണ് അഭയകേന്ദ്രങ്ങള്‍ക്ക് രൂപം നല്‍കുന്നത്. കഴിഞ്ഞ മാസത്തില്‍ നടത്തിയ സര്‍വേയില്‍ ഇത്തരത്തിലുള്ള 12 പേരെ കണ്ടെത്തിയിരുന്നു.

കുടുംബശ്രീ സി.ഡി.എസുമായി നടത്തിയ വിവര ശേഖരണത്തിലൂടെ 67 പേരുടെ ലിസ്റ്റാണ് നഗരസഭയില്‍ ലഭിച്ചത്. ഒരാളുടെ വിവരം ശേഖരിക്കുന്നതിന് നഗരസഭയ്ക്ക് 20 രൂപ ദേശീയ നഗര ഉപജീവന മിഷന്‍ ഫണ്ടില്‍ നിന്ന് ലഭിക്കും. സര്‍വേയോടൊപ്പം സര്‍വേക്ക് വിധേയരായവരുടെ ഫോട്ടോയെടുക്കും. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ പാര്‍പ്പിട സംവിധാനം ഒരുക്കാനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ കെ.കെ. നീനു പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പത്തിന് കാക്കനാട് ജങ്ഷനില്‍ നിന്ന് ആരംഭിച്ച സര്‍വേയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബന മെഹറലി, സെക്രട്ടറി പി.എസ്. ഷിബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. ദിലീപ്, കൗണ്‍സിലര്‍മാരായ പി.എം. സലീം, ഇ.എം. മജീദ്, പി.വി. സന്തോഷ്, ആന്റണി പരവര, ടി.ടി. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.