കാക്കനാട്: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് ഇന്ത്യന്‍ ഓഷ്യന്‍ ട്യൂണ കമ്മിഷന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതും ഇന്ത്യന്‍ നേവി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതുമായ 'ബിനയ്യ' എന്ന ഗില്‍നെറ്റ് ബോട്ട് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പിടിതരാതെ കൊച്ചി കേന്ദ്രമാക്കി മത്സ്യബന്ധനം നടത്തിവന്നിരുന്ന ഈ ബോട്ട് കന്യാകുമാരി ചിന്നതുറൈ സ്വദേശി ജോണ്‍ ഏസുദേശത്തിന്റെ മകന്‍ രാജുവിന്റെ പേരിലാണ്.

തമിഴ്‌നാട് കുളച്ചല്‍ രജിസ്‌ട്രേഷനിലുള്ള ബോട്ട് ഒക്ടോബര്‍ 30 രാത്രിയില്‍ കടല്‍ പട്രോളിങ്ങിനിടയിലാണ് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തത്. ബോട്ട് വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനില്‍ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2015-16ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഡീഗോ ഗാര്‍ഷ്യയില്‍ നിരോധനം മറികടന്ന് മത്സ്യബന്ധനം നടത്തിയതിന് ഇന്ത്യന്‍ ഓഷ്യന്‍ ട്യൂണ കമ്മിഷന്‍ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള യാനമാണ് 'ബിനയ്യ'. ബ്രിട്ടീഷ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിലവിലുള്ള മത്സ്യബന്ധന നിരോധനം മറികടന്ന 16 ഇന്ത്യന്‍ ബോട്ടുകളില്‍ ഒന്നായ ബിനയ്യയെ കണ്ടെത്തി പിടിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

പിടിക്കപ്പെടാതിരിക്കാന്‍ കൊച്ചി കേന്ദ്രമാക്കിയാണ് ബോട്ട് പ്രവര്‍ത്തിച്ചത്. രാത്രികാലങ്ങളില്‍ മാത്രമായിരുന്നു ഈ ബോട്ട് തോപ്പുംപടി ഹാര്‍ബറില്‍ എത്തി കടലില്‍ പോയിരുന്നത്. ബോട്ടിനെ കണ്ടെത്തുവാന്‍ അന്വേഷണ ഏജന്‍സികളായ കോസ്റ്റ് ഗാര്‍ഡ്, നേവി, കോസ്റ്റല്‍ പോലീസ് എന്നീ ഏജന്‍സികളുടെ സഹായം തേടിയിരുന്നു. ഇന്ത്യന്‍ നേവി ഈ ബോട്ടിനെ കണ്ടെത്തുവാനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ബോട്ട് പിടിച്ച വിവരം തമിഴ്‌നാട് ഫിഷറീസ് കമ്മിഷണര്‍, കന്യാകുമാരി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കുളച്ചല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ തമിഴ്‌നാട് ഫിഷറീസ് അധികൃതര്‍ കൊച്ചിയില്‍ എത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് അറിയിച്ചു.