കടുങ്ങല്ലൂര്‍ (കൊച്ചി): തന്നോടും കൂട്ടുകാരികളോടുമൊപ്പം ഒരു സാധാരണക്കാരനെപ്പോലെയിരുന്ന് ഭക്ഷണം കഴിച്ച കേന്ദ്ര മന്ത്രിയോട് സേവാകേന്ദ്രത്തിലെ അന്തേവാസിയായ സേതുലക്ഷിയുടെ ഒരു ചോദ്യം: ''സാറെങ്ങനെ മന്ത്രിയായി...?''

ഇതുകേട്ട്, കേന്ദ്ര വനിത-ശിശുക്ഷേമ സഹ മന്ത്രി ഡോ. വീരേന്ദ്രകുമാറിനെ കാണാന്‍ കിഴക്കേ കടുങ്ങല്ലൂര്‍ ലക്ഷ്മിഭായ് സേവാ കേന്ദ്രത്തില്‍ തടിച്ചുകൂടിയവരെല്ലാം പൊട്ടിച്ചിരിച്ചു പോയി.

ചിരിയടക്കിക്കൊണ്ട് മന്ത്രിയുടെ മറുപടി: 'നിങ്ങളെപ്പോലെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു ബാല്യകാലമുണ്ടായിരുന്നു. അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മനുഷ്യനന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലൂടെ നീങ്ങി. അതിനുള്ള അംഗീകാരമാണ് ഈ നേട്ടങ്ങളെല്ലാം.'

കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മന്ത്രി, ഞായറാഴ്ച ഉച്ചയോടെയാണ് കടുങ്ങല്ലൂരിലെത്തിയത്. നിരാലംബരും അനാഥരുമായ പെണ്‍കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കുന്ന രുക്മിണി സ്മൃതി ട്രസ്റ്റ് ലക്ഷ്മിഭായ് സേവാകേന്ദ്രത്തെ കുറിച്ച് അറിഞ്ഞ മന്ത്രി, അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സേവാകേന്ദ്രത്തിലെത്തിയ മന്ത്രിയെ സെക്രട്ടറി ശ്രീകല ജയകൃഷ്ണന്‍, മാനേജിങ് ട്രസ്റ്റി ഉഷ വര്‍മ, വത്സലാമ്മ, ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് എം.എം. ഉല്ലാസ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

രാഷ്ട്രീയ സേവികാ സമിതിയാണ് ഈ കേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്. വിവിധയിടങ്ങളില്‍നിന്ന് എത്തിയിട്ടുള്ള 22 പെണ്‍കുട്ടികളാണ് ഇപ്പോള്‍ സേവാകേന്ദ്രത്തിലുള്ളത്. ഇവരുടെ ഓരോരുത്തരുടേയും വിവരങ്ങള്‍ മന്ത്രി തിരക്കി. സേവാകേന്ദ്രത്തിലെ കുട്ടികളോടൊപ്പമിരുന്ന് സദ്യയുണ്ടശേഷമാണ് മന്ത്രി മടങ്ങിയത്.