കൊച്ചി: ശബ്ദമലിനീകരണത്തില്‍ കൊച്ചിയിലെ റോഡുകള്‍ വളരെ മുന്നിലാണെന്ന് കണ്ടെത്തല്‍. ബസ് ഡ്രൈവര്‍മാരില്‍ 60 ശതമാനം പേര്‍ക്കും കേള്‍വിക്കുറവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) കൊച്ചി ശാഖയും എസ്.സി.എം.എസ്. ഗ്രൂപ്പ് സ്ഥാപനങ്ങളും ചേര്‍ന്നായിരുന്നു പഠനം. അസോസിയേഷന്‍ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ (എ.ഒ.ഐ.) നേതൃത്വത്തിലായിരുന്നു ഇത്. ഈ മാസം 26-ന് നടക്കുന്ന നോ ഹോണ്‍ ഡേയ്ക്ക് മുന്നോടിയായി കൊച്ചിയിലെ ഒന്‍പത് പ്രധാന നിരത്തുകളാണ് പഠന വിധേയമാക്കിയത്.

ശബ്ദതീവ്രത 105 ഡെസിബല്‍ വരെയാണെന്ന് കണ്ടെത്തി. നിയമപരമായി അനുവദനീയമായ പരമാവധി ശബ്ദം 65 ഡെസിബലാണ്. ബസിലെ മറ്റ് ജീവനക്കാര്‍ക്ക് 40 മുതല്‍ 45 ശതമാനം വരെയും കേള്‍വിക്കുറവ് ബാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി 14 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന ഡ്രൈവര്‍മാരിലാണ് ഏറ്റവും കൂടുതല്‍ കേള്‍വിക്കുറവ്. ഹോണ്‍ ഉപയോഗം പരമാവധി കുറച്ചും മൊബൈല്‍ ഫോണ്‍, ഹെഡ് ഫോണ്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിച്ചും വെടിക്കെട്ടുകള്‍ പോലുള്ള വലിയ ശബ്ദങ്ങള്‍ ഒഴിവാക്കിയും കൂടുതല്‍ കേള്‍വിക്കുറവ് ഒഴിവാക്കണമെന്ന് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ജ്യോതികുമാരി നിര്‍ദേശിച്ചു.

എസ്.സി.എം.എസ്. ഡയറക്ടര്‍ പ്രൊഫ. രാധ പി. തേവന്നൂരിന്റെ നേതൃത്വത്തില്‍ 20 പേരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. പഠനത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍ ദേശീയ തലത്തില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് രാധ തേവന്നൂരും ഐ.എം.എ. കൊച്ചി പ്രസിഡന്റ് വര്‍ഗീസ് ചെറിയാനും പറഞ്ഞു.

അനുദിനം വര്‍ദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പം കൊച്ചിയില്‍ ജനങ്ങളുടെ ആരോഗ്യ നിലവാരത്തെ ബാധിക്കുന്നതിന്റെ സൂചനയാണ് ഈ പഠന റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് നോ ഹോണ്‍ ഡേ പ്രോഗ്രാം കണ്‍വീനര്‍ ഡോ. വി.ഡി. പ്രദീപ് കുമാര്‍ പറഞ്ഞു. അങ്കമാലി ലിറ്റില്‍ഫ്‌ലവര്‍ ആസ്​പത്രി, എറണാകുളം ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ക്കിടയില്‍ കേള്‍വി പരിശോധനയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.