കൊച്ചി: ജി.സി.ഡി.എ. ചെയര്‍മാന്‍ ഹൗസില്‍ നിന്ന് കാണാതായവയില്‍ കുറേ സാധനങ്ങള്‍ പോലീസ് കണ്ടെടുത്തു. വികസന അതോറിറ്റിയുടെ തന്നെ മാനാശ്ശേരിയിലുള്ള ഫിഷ് ഫാമില്‍ നിന്നാണ് ഒരു എ.സി.യും രണ്ട് കുഷ്യന്‍ കസേരകളും ഒരു സെറ്റിയും പോലീസ് കണ്ടെടുത്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനമാണ് വികസന അതോറിറ്റിയുടെ കടവന്ത്രയിലെ ചെയര്‍മാന്‍ ഹൗസില്‍ നിന്ന് സാധനങ്ങള്‍ കാണാനില്ലെന്ന പരാതി ഉണ്ടായത്.

പുതിയ ചെയര്‍മാനായി സി.എന്‍. മോഹനന്‍ ചുമതലയേറ്റ ശേഷം, താമസിക്കുന്നതിന് മുന്നോടിയായി കടവന്ത്രയിലെ ചെയര്‍മാന്‍ ഹൗസില്‍ എത്തിയപ്പോഴാണ്, അവിടെയുള്ള സാധനങ്ങളൊന്നും കാണാനില്ലെന്ന് മനസ്സിലാക്കുന്നത്. മൂന്ന് എ.സി.യും കട്ടിലും സെറ്റിയും ഫാനുമടക്കം നിരവധി സാധനങ്ങള്‍ ഇവിടെ നിന്ന് മാറ്റിയിരുന്നു. പിന്നീട് ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരം ജി.സി.ഡി.എ. സെക്രട്ടറി മോഷണത്തിന് പരാതി നല്‍കുകയായിരുന്നു.

കേസന്വേഷണത്തിനിടയിലാണ് ചെയര്‍മാന്‍ ഹൗസില്‍ നിന്ന് കാണാതായ ചില സാധനങ്ങള്‍ മാനാശ്ശേരിയിലെ ഓഫീസിലുണ്ടെന്ന് പോലീസ് അറിയുന്നത്. മാനാശ്ശേരിയില്‍ വികസന അതോറിറ്റിയുടെ കീഴിലുള്ള ഫിഷ് ഫാമിന്റെ മേല്‍നോട്ട ചുമതല സ്വകാര്യ കരാറുകാനെ ഏല്പിച്ചിരിക്കുകയാണ്.

അവര്‍ കൈകാര്യം ചെയ്യുന്ന അതോറിറ്റിയുടെ തന്നെ ഓഫീസിലാണ് കാണാതായ സാധനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. സാധനങ്ങള്‍ മാനാശ്ശേരി ഓഫീസില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍, മുന്‍ ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരമാണ് സാധനങ്ങള്‍ അങ്ങോട്ട് കൊണ്ടുപോയതെന്ന് ഉദ്യോഗസ്ഥര്‍ പോലീസിന് മൊഴി നല്‍കി. തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കും.