കൊച്ചി: നഗരത്തിലെ സിനിമ, സീരിയല്‍ ഷൂട്ടിങ് ലൊക്കേഷനുകളിലേക്കായി ഏഴ് കിലോ കഞ്ചാവ് എത്തിച്ച മൂന്നുപേര്‍ പിടിയില്‍. വയനാട് കല്‍പ്പറ്റ സ്വദേശികളായ ഇജാസ് (29), നൗഷീര്‍ (26), ചേര്‍ത്തല അരീപ്പറമ്പ് സ്വദേശി അനസ് (25) എന്നിവരാണ് കണ്ടെയ്‌നര്‍ റോഡില്‍ വച്ച് ഷാഡോ പോലീസിന്റെ പിടിയിലായത്. ലഹരി ഉപയോഗത്തെ കുറിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൂവര്‍സംഘം പിടിയിലായത്.

മൂന്നു മാസത്തിനിടെ ഏഴു തവണ കഞ്ചാവും ഹാഷിഷും എത്തിച്ചതായി പ്രതികള്‍ സമ്മതിച്ചു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപം അനസ് നടത്തുന്ന കാറ്ററിങ് സ്ഥാപനത്തിന്റെ മറവിലാണ് ഇടനിലക്കാര്‍ വഴി ലഹരിസാധനങ്ങള്‍ ലൊക്കേഷനുകളില്‍ വിതരണം ചെയ്യുന്നത്. ഒഡിഷയില്‍ നിന്ന് കിലോയ്ക്ക് 4,000 രൂപയ്ക്കു വാങ്ങുന്ന ശീലാവതി കഞ്ചാവ് ഇടുക്കി ഗോള്‍ഡ് എന്ന വ്യാജേന 20,000 രൂപയ്ക്കാണു വില്‍ക്കുന്നത്. സംഘത്തില്‍ നിന്നു കഞ്ചാവും ഹാഷിഷും വാങ്ങുന്ന സിനിമ, സീരിയല്‍ പ്രവര്‍ത്തകരെ പറ്റി സിറ്റി ഡി.എസ്.പി. കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

മാവോയിസ്റ്റ് മേഖലയും ആന്ധ്ര-ഒഡിഷ അതിര്‍ത്തി ജില്ലയുമായ റായഗഡയിലെ മട്ടികോണ, ലക്ഷ്മിപൂര്, കണ്ടേശു വനമേഖലയില്‍ നേരിട്ടെത്തിയാണ് മൂവര്‍ സംഘം കഞ്ചാവു ശേഖരിക്കുന്നത്. തുടര്‍ന്നു റായഗഡയില്‍നിന്ന് ബസ് മാര്‍ഗം വിശാഖപട്ടണത്ത് എത്തിച്ച് അവിടെ നിന്നു കേരളത്തിലേക്കു വരുന്ന കാര്‍ െട്രയ്‌ലറുകളില്‍ കൊച്ചിയിലെത്തിക്കും. ഇങ്ങനെ വരുംവഴി കണ്ടെയ്‌നര്‍ റോഡില്‍ നിന്നാണു പ്രതികള്‍ കഞ്ചാവുമായി അറസ്റ്റിലായത്. ഇടുക്കിയില്‍ നിന്ന് ഒഡിഷയിലേക്കും ആന്ധ്രയിലേക്കും കുടിയേറിയ ഇടുക്കിയിലെ കഞ്ചാവ് കൃഷിക്കാരാണ് മാവോയിസ്റ്റുകളുടെ സഹായത്തോടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത്.

കേരളത്തില്‍ നിന്നു സ്ത്രീകളടക്കമുള്ള ഇടനിലക്കാര്‍ ഇവിടെയെത്തി കഞ്ചാവ് ശേഖരിക്കുന്നുണ്ട്. മൂവര്‍ സംഘത്തിനു കഞ്ചാവ് നല്‍കുന്ന സ്ത്രീയെ കുറിച്ചും വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.