കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയും സഹായിയും പോലീസ് പിടിയില്‍. പാലാരിവട്ടം ചക്കരപ്പറമ്പ് 'എ.ടി. എച്ച്.എസ്. എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി' എന്ന സ്ഥാപനം നടത്തിയിരുന്ന തൃശ്ശൂര്‍ വെങ്കിടങ്ങ് എടക്കല്‍ രാരി (28), സഹായി തൃശ്ശൂര്‍ ചാവക്കാട് വടക്കേക്കാട് ഒലക്കയ്യൂര്‍ മുഹമ്മദ് അഷറഫ് (28) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്.

2017 ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ്് 15 ലക്ഷം വാങ്ങിയിട്ട് പണമോ ജോലിയോ നല്‍കാതെ ചതിച്ചുവെന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവരെ അറസ്റ്റു ചെയ്തത്. കൂടാതെ, ഇത്തരത്തില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിവിധ ജില്ലകളില്‍ നിന്നായി നിരവധിയാളുകളില്‍ നിന്നും രണ്ടു കോടിയോളം രൂപ തട്ടിയെടുത്തിട്ടുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

ഓസ്‌ട്രേലിയ, കാനഡ, അയര്‍ലന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇവിടങ്ങളിലേക്കുള്ള കര്‍ശന കുടിയേറ്റ നിയന്ത്രണ നിയമങ്ങളില്‍ ഇളവ് നേടിത്തരാമെന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ഥികളെ വലയിലാക്കിയിരുന്നത്.

നിലവില്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ മുംബൈയില്‍ കുടുങ്ങി കിടക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

എറണാകുളം എ.സി.പി. കെ. ലാല്‍ജിക്ക് പ്രതികളെക്കുറിച്ച് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ എസ്.ഐ. എസ്. സനല്‍, അഡിഷണല്‍ എസ്.ഐ. വിന്‍സെന്റ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗിരീഷ്‌കുമാര്‍, ഗ്ലാഡ്‌സണ്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് ആസൂത്രിതമായ നീക്കത്തിലൂടെ തമ്മനം ഭാഗത്തുനിന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.