ഫോര്‍ട്ടുകൊച്ചി: കൊച്ചിക്കായലിനോട് ചേര്‍ന്ന ആഴമുള്ള കപ്പല്‍ച്ചാലില്‍ ചെറിയ ബോട്ടുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്നതിനെതിരേ യാത്രക്കാര്‍ രംഗത്ത്. പുഴകളിലും തോടുകളിലും ഉപയോഗിക്കുന്ന ചെറിയ ബോട്ടുകള്‍ അടുത്തകാലത്താണ് ജലഗതാഗത വകുപ്പ് കൊച്ചിയില്‍ സര്‍വീസിനെത്തിച്ചത്. നേരത്തെ ഈ മേഖലയില്‍ സര്‍വീസ് നടത്തിയിരുന്ന വലിയ ബോട്ടുകള്‍ക്ക് പിന്‍വലിച്ച് അവയ്ക്ക് പകരമായാണ് ചെറിയ ബോട്ടുകള്‍ കൊണ്ടുവന്നത്.

അറ്റക്കുറ്റപ്പണികള്‍ക്കായി കൊണ്ടുപോകുന്ന വലിയ ബോട്ടുകള്‍ പിന്നീട് തിരിച്ച് കൊണ്ടുവരുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. വലിയ കപ്പലുകള്‍ കടന്നുപോകുന്ന അഴിമുഖത്തോട് ചേര്‍ന്ന് ചെറിയ ബോട്ടുകള്‍ ഓടിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് പശ്ചിമകൊച്ചി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പത്മനാഭ മല്യ ചൂണ്ടിക്കാട്ടുന്നു.

നിയമവിരുദ്ധമായാണ് ഇത്തരം ബോട്ടുകള്‍ ഓടിക്കുന്നത്. എം.എം.ഡി. നിയമങ്ങള്‍ പാലിക്കാതെയാണ് ബോട്ടുകളുടെ സര്‍വീസ് എന്നും അദ്ദേഹം പരാതിപ്പെടുന്നു. എം.എം.ഡി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ മിക്ക ബോട്ടുകളിലുമില്ല. ഫോര്‍ട്ടുകൊച്ചി - മട്ടാഞ്ചേരി - എറണാകുളം റൂട്ടുകളില്‍ നിശ്ചയിക്കപ്പെട്ട സര്‍വീസുകള്‍ നടക്കുന്നില്ല. മിക്കപ്പോഴും ട്രിപ്പുകള്‍ റദ്ദാക്കുന്നു. നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന റൂട്ടാണിത്. ബോട്ടുകളില്ലാത്തതിനാല്‍ യാത്രക്കാര്‍ ദുരിതമനുഭവിക്കുകയാണ്.

മട്ടാഞ്ചേരിയിലേക്ക് ബോട്ടുകള്‍ ഓടിക്കാറില്ല. കായലില്‍ വെള്ളക്കുറവാണെന്ന കാരണം പറഞ്ഞാണ് ട്രിപ്പുകള്‍ മുടക്കുന്നത്. ജലാശയങ്ങളാല്‍ ചുറ്റപ്പെട്ട കൊച്ചിയില്‍ ജലഗതാഗതം ശക്തിപ്പെടുത്താന്‍ വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കൂടുതല്‍ ബോട്ടുകള്‍ ഏര്‍പ്പെടുത്തി ജലഗതാഗതം കാര്യക്ഷമമാക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി പത്മനാഭ മല്യ അറിയിച്ചു.