ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചിയുടെ ജനകീയ ചിത്രകാരന്‍ ജലീല്‍ വിടവാങ്ങി. ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ. ബംഗ്ലാവിന്റെ ചുവരില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ജലീല്‍ കൊച്ചി കാണാനെത്തുന്ന സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. ആനുകാലിക വിഷയങ്ങളാണ് ജലീലിന്റെ ചിത്രങ്ങളില്‍ കോറിയിട്ടത്. ഓരോ ആഴ്ചയും ചിത്രങ്ങള്‍ മാറി മാറി വരയ്ക്കും. ചിത്രങ്ങള്‍ കാണുന്ന സഞ്ചാരികള്‍ നല്‍കുന്ന ചെറിയ തുകകളായിരുന്നു ജലീലിന്റെ വരുമാനം. ഓഖി ദുരന്തമായിരുന്നു ജലീല്‍ വരച്ച അവസാന ചിത്രം. ഈ ചുവരിനോട് ചേര്‍ന്ന് ജലീല്‍ മത്സ്യകന്യകയുടെ ശില്പവും നിര്‍മിച്ചിരുന്നു. ഈ ശില്പവും സഞ്ചാരികളെ ആകര്‍ഷിച്ചു. ഈ ശില്പം പില്‍ക്കാലത്ത് നശിപ്പിച്ചത് ജലീലിന് വലിയ ദുഃഖമായി. ഈ സംഭവത്തിനു ശേഷം ജലീല്‍ ചിത്രംവരയില്‍ നിന്ന് കുറച്ചുകാലം വിട്ടുനിന്നു. കടപ്പുറത്തെ കച്ചവടക്കാരും നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ജലീല്‍ വീണ്ടും വര തുടങ്ങിയത്. അവിവാഹിതനായ ജലീല്‍ വര്‍ഷങ്ങളോളം, ഫോര്‍ട്ടുകൊച്ചിയുടെ ഭാഗമായി കടപ്പുറത്തുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.