ഫോര്‍ട്ടുകൊച്ചി: ഏതുവിധേനയും റോ - റോ ഓടിക്കാന്‍ കെ.എസ്.ഐ.എന്‍.സി.യും കൊച്ചി നഗരസഭയും നെട്ടോട്ടമോടുന്നതിനിടയില്‍ റോ - റോ ജങ്കാര്‍ ഓടിക്കാന്‍ കുവൈറ്റില്‍നിന്ന് പറന്നെത്തിയ സ്രാങ്ക് നാലു ദിവസം കഴിഞ്ഞപ്പോള്‍ മടങ്ങിപ്പോയി. കെ.എസ്.ഐ.എന്‍.സി.യിലെ ഉദ്യോഗസ്ഥരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് തിങ്കളാഴ്ച കുവൈറ്റില്‍ നിന്നെത്തിയ സ്രാങ്കായ തമ്പിയാണ് വെള്ളിയാഴ്ച മടങ്ങിപ്പോയത്. കുവൈറ്റില്‍ ഷിപ്പ് യാര്‍ഡില്‍ ജോലി ചെയ്യുന്ന തമ്പി ഇത്തരം യാനങ്ങള്‍ ഓടിക്കാന്‍ അറിയാവുന്ന ആളാണ്. അതുകൊണ്ട് കുവൈറ്റിലെ ജോലി രാജിവച്ച് നാട്ടിലേക്ക് വരാനാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ജങ്കാറില്‍ പരിശീലനത്തിന് ചുമതലയുള്ള സ്രാങ്ക്, അത് ഓടിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് തമ്പിയുടെ പരാതി. പരിശീലന ചുമതലയുള്ളയാള്‍ തമ്പിയെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചത്രെ. കുവൈറ്റില്‍ വലിയ യാനങ്ങള്‍ ഓടിക്കുന്ന തന്നെ ജങ്കാറില്‍ കയറ്റാതിരിക്കാനാണ് പരിശീലകന്‍ ശ്രമിച്ചതെന്ന് തമ്പി ആരോപിക്കുന്നു. 'എന്നെ കുവൈറ്റില്‍ നിന്ന് വിളിച്ച് വരുത്തിയവര്‍ക്ക് പോലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.. അവര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്. ഈ ജങ്കാറില്‍ ആരെയും ശരിയായ രീതിയില്‍ പരിശീലിപ്പിക്കാന്‍ പരിശീലകന്‍ കൂട്ടാക്കുന്നില്ല.. വെറുതെ നാട്ടില്‍ നിന്ന് സമയം കളയാനില്ല. അതുകൊണ്ടാണ് മടങ്ങുന്നത്'- വെള്ളിയാഴ്ച കുവൈറ്റിലേക്ക് മടങ്ങുന്നതിന് മുമ്പ് തമ്പി 'മാതൃഭൂമി' യോട് പറഞ്ഞു. കെ.എസ്.ഐ.എന്‍.സി.യിലെ ഉേദ്യാഗസ്ഥര്‍ ആവശ്യപ്പെട്ടുവെങ്കിലും ജോലി രാജിവയ്ക്കാതെയാണ് തമ്പി നാട്ടിലേക്ക് വന്നത്. രാജി വച്ചിരുന്നെങ്കില്‍ ഉള്ള ജോലിയും പോകുമായിരുന്നെന്ന് തമ്പി പറയുന്നു. റോ- റോ ഓടിക്കാന്‍, ആന്‍ഡമാനില്‍ ജോലി ചെയ്യുന്ന ഒരാളെയും ഗള്‍ഫില്‍ ജോലി ചെയ്യുന്ന മറ്റൊരാളെയും കൊച്ചിയിലേക്ക് കൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനിടയില്‍ നിലവിലുള്ള പരിശീലകന്റെ കടുംപിടിത്തങ്ങളും, ഡിമാന്‍ഡുകളും കെ.എസ്.ഐ.എന്‍.സി.ക്ക് തലവേദനയാകുകയാണ്. മൂന്ന് വര്‍ഷക്കാലത്തെ കരാര്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് പരിശീലകന്‍ മുന്നോട്ട് വയ്ക്കുന്നത്. സര്‍ക്കാര്‍ കമ്പനി എന്ന നിലയില്‍ ഈ ആവശ്യങ്ങളില്‍ പലതും ഇവര്‍ക്ക് അംഗീകരിക്കാനാവില്ലത്രെ. പരിശീലകന്‍ പ്രശ്‌നമാകുന്നുണ്ടെങ്കിലും 'കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന നിലയിലാണ് കമ്പനി. ഇതിനിടയില്‍ റോ-റോ ഓടിക്കുന്ന ജോലി ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കാനും കമ്പനി നീക്കം നടത്തിയിരുന്നു. വിദഗ്ദ്ധ ജോലിക്കാരുള്ള ചില സ്ഥാപനങ്ങള്‍ ഇതനുസരിച്ച് ക്വട്ടേഷനുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ നിലവിലുള്ള പരിശീലകനെ തന്നെ ആശ്രയിക്കാനാണ് കെ.എസ്.ഐ.എന്‍.സി.യുടെ ഇപ്പോഴത്തെ നീക്കം.