ഫോര്‍ട്ടുകൊച്ചി: റോ-റോ സര്‍വീസ് കൃത്യമായി നടത്താന്‍ നടപടിയെടുക്കുന്നതിനു പകരം മേയര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വീണ്ടും ജെട്ടികള്‍ സന്ദര്‍ശിക്കുന്നത് ജനത്തെ കബളിപ്പിക്കാനാണെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി. മാധ്യമ പ്രചരണത്തിന് വേണ്ടിയുള്ള ഇത്തരം പഠന സന്ദര്‍ശന നാടകങ്ങളെ ജനം പുച്ഛത്തോടെയാണ് കാണുന്നതെന്നും ഇത് മേയര്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജെട്ടി നിര്‍മാണത്തില്‍ പിഴവുണ്ടായിട്ടുണ്ട്. ഇതിന്റെ കുറവുകള്‍ കണ്ടെത്താന്‍ മേയര്‍ക്ക് കഴിയില്ല. ജെട്ടി ഉള്‍പ്പെടെയുള്ള നിര്‍മാണങ്ങളെക്കുറിച്ച് സര്‍വേ ഓഡിറ്റ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് സന്ദര്‍ശന നാടകം ഒഴിവാക്കണം.

എസ്.പി.വി. രൂപവത്കരിക്കുന്നതുവരെ കെ.എസ്.ഐ.എന്‍.സി.യെക്കൊണ്ട് സര്‍വീസ് നടത്തിപ്പിക്കണം.

മേയറുടെ ഏകപക്ഷീയമായ നിലപാടും എടുത്തുചാട്ടവുമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണം. പ്രതിപക്ഷം പ്രായോഗികമായ പരിഹാരം നിര്‍ദേശിച്ചപ്പോഴും മേയര്‍ അത് മുഖവിലയ്ക്ക് എടുക്കാന്‍ കൂട്ടാക്കിയില്ല.

റോ-റോ സര്‍വീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.