ഫോര്‍ട്ടുകൊച്ചി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തശേഷം കെട്ടിയിട്ട റോ - റോ ജങ്കാര്‍ എന്ന് തുടങ്ങുമെന്ന് ആര്‍ക്കും പറയാനാവുന്നില്ല. സര്‍വീസ് ചുമതല ഏറ്റെടുത്ത കെ.എസ്.ഐ.എന്‍.സി.ക്കും ഒന്നും പറയാനില്ല. ശനിയാഴ്ച ബന്ധപ്പെട്ടവരുടെ യോഗം ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു. സര്‍വീസ് എന്ന് തുടങ്ങാനാകുമെന്ന ജില്ലാ കളക്ടറുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കെ.എസ്.ഐ.എന്‍.സി.യുടെ പ്രതിനിധികള്‍ക്ക് കഴിഞ്ഞില്ല.

സര്‍വീസ് നടത്തുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ ഏതാണ്ട് ഒഴിവായിട്ടുണ്ട്. ലൈസന്‍സുകളുടെ കാര്യത്തില്‍ ഇനി പ്രശ്‌നമൊന്നുമില്ല. എന്നാല്‍ റോ-റോ ജങ്കാര്‍ ഓടിക്കുന്നതിന് പരിശീലനം നേടിയ ആളെ കിട്ടാത്തതുതന്നെയാണ് പ്രശ്‌നം. ഇത്തരം യാനങ്ങള്‍ ഓടിച്ച് പരിചയമുള്ളവര്‍ കെ.എസ്.ഐ.എന്‍.സി.ക്ക് ഇല്ല. അതേസമയം ജങ്കാര്‍ ഓടിക്കുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയില്ലെന്ന വാദത്തെ കൊച്ചി കപ്പല്‍ശാലയുടെ പ്രതിനിധികള്‍ യോഗത്തില്‍ എതിര്‍ത്തു.

കെ.എസ്.ഐ.എന്‍.സി. നല്‍കിയ 12 ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതായി അവര്‍ യോഗത്തെ അറിയിച്ചു. എന്നാല്‍ ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ ഇത്തരം യാനങ്ങള്‍ ഓടിക്കാനാവൂ. ഈ ലൈസന്‍സുള്ള ആളെ പരിശീലനത്തിന് അയയ്ക്കുവാന്‍ കെ.എസ്.ഐ.എന്‍.സി.ക്ക് കഴിയാതെപോയതാണ് പ്രശ്‌നമായതെന്ന് കപ്പല്‍ശാലാ അധികൃതര്‍ യോഗത്തില്‍ വിശദീകരിച്ചു.

വൈപ്പിനിലെ മൂറിങ് സംവിധാനത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയതിനെയും കപ്പല്‍ശാലാ അധികൃതര്‍ എതിര്‍ത്തു. ഏറ്റവും മികച്ച സംവിധാനമാണ് വൈപ്പിനിലുള്ളതെന്നും ഇവിടെ ജങ്കാര്‍ ഓടിക്കുന്നതിന് ഒരു തടസ്സവുമില്ലെന്നും അവര്‍ വിശദീകരിച്ചു. ഉദ്ഘാടനത്തിന് മുമ്പായി 15 തവണ ജങ്കാര്‍ അനായാസം ഓടിച്ചതാണ്. ഇനിയും ഓടിക്കാന്‍ കഴിയും. തടസ്സമുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ഉദ്ഘാടനദിവസം ജങ്കാര്‍ ഓടിച്ചത് കപ്പല്‍ശാല ഏര്‍പ്പെടുത്തിയ തൊഴിലാളിയാണ്. ഇദ്ദേഹം കൊച്ചിയില്‍ സ്വകാര്യ ജലഗതാഗത രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നയാളാണ്. കൊച്ചി തുറമുഖത്തെ ബന്ധിപ്പിച്ച് നേരത്തെ ഓടിയിരുന്ന റോ-റോ ജങ്കാര്‍ ഓടിച്ചിരുന്നത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിന് ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ ലൈസന്‍സുമുണ്ട്.

ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ ഫെറിയില്‍ പുതിയ ജങ്കാര്‍ ഓടിക്കാന്‍ ഇദ്ദേഹത്തെ നിയോഗിക്കാന്‍ കഴിയും. എന്നാല്‍ കെ.എസ്.ഐ.എന്‍.സി. അധികൃതര്‍ ഇക്കാര്യത്തില്‍ താത്പര്യം കാട്ടുന്നില്ലത്രെ. അതേസമയം ശനിയാഴ്ച ഉച്ചയോടെ റോ-റോ ജങ്കാര്‍ ഫെറിയില്‍ കൊണ്ടുവന്ന് വീണ്ടും ട്രയല്‍ നടത്തി.ബാലികേറാമലയല്ല റോ - റോ ജങ്കാര്‍:
ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട ദ്വിമുഖ ജങ്കാറാണ് കൊച്ചിയില്‍ സര്‍വീസിന് ഇറക്കിയിട്ടുള്ളത്. എന്നാല്‍ ഇത് ഓടിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നതെന്നും അത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ജങ്കാര്‍ നിര്‍മിച്ച കപ്പല്‍ശാലാ അധികൃതര്‍ പറയുന്നു.

കപ്പലുകളില്‍ ഉപയോഗിക്കുന്നവിധത്തിലുള്ള നിയന്ത്രണസംവിധാനമാണ് പുതിയ ജങ്കാറില്‍ ഉപയോഗിച്ചിട്ടുള്ളത്. വലിയ തിരക്കുള്ള റൂട്ടായതിനാലും അഴിമുഖത്ത് അടിയൊഴുക്ക് ശക്തമായതിനാലും ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന നിയന്ത്രണസംവിധാനമാണ് ഒരുക്കിയത്. ഒരു കൈപ്പിടിയിലൊതുക്കാവുന്ന ചെറിയ രണ്ട് ജോയ് സ്റ്റിക്ക് ഉപയോഗിച്ചാണ് ജങ്കാര്‍ നിയന്ത്രിക്കുന്നത്. ഈ സംവിധാനം വഴി പ്രൊപ്പല്ലറുകള്‍ 380 ഡിഗ്രി വരെ തിരിക്കാം. ഇടത്തും വലത്തും ഓരോ ജോയ് സ്റ്റിക്കുകള്‍. രണ്ടുകൈകള്‍ ഉപയോഗിച്ച് അനായാസം ഇവ പ്രവര്‍ത്തിപ്പിക്കാം. നെതര്‍ലന്‍ഡ്‌സില്‍നിന്ന് ഇറക്കുമതി ചെയ്തതാണ് ഈ സംവിധാനം.

കപ്പലുകളും ബോട്ടുകളും കടന്നുപോകുന്ന വഴിയായതിനാല്‍ ആധുനിക വിനിമയ സംവിധാനങ്ങളും ജങ്കാറിലുണ്ട്. ഇതുവഴി കടന്നുപോകാവുന്ന കപ്പലുകളെക്കുറിച്ച് മുന്‍കൂട്ടി വിവരങ്ങള്‍ അറിയുന്നതിന് വെരി ഹൈ ഫ്രീക്വന്‍സി ട്രാന്‍സ്മിറ്റര്‍ റസീവര്‍ (വി.എച്ച്.ആര്‍.) ഉപയോഗിക്കുന്നുണ്ട്. അഴിമുഖത്തിന്റെ ആഴം അറിയുന്നതിന് എക്കോ സൗണ്ട് സിസ്റ്റവും സജ്ജീകരിച്ചിരിക്കുന്നു. റാമ്പുകള്‍ താഴെനിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഇത് ഓടിക്കുന്നതിന് മൊത്തം നാല് ജീവനക്കാര്‍ മതിയെന്നും കപ്പല്‍ശാലാ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ഫസ്റ്റ് ക്ലാസ് മാസ്റ്റര്‍ ലൈസന്‍സുള്ള, ജലഗതാഗത സര്‍വീസില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഒരാള്‍ക്ക് അനായാസം ഇത് ഓടിക്കാം. ഏതാനും ദിവസത്തെ പരിശീലനം മതി. അതിനുള്ള ശ്രമം നടക്കാത്തതാണ് പ്രശ്‌നമെന്ന് കപ്പല്‍ശാലാ അധികൃതര്‍ വിശദീകരിക്കുന്നു. ഇക്കാര്യം അവര്‍ ജില്ലാ കളക്ടറെയും അറിയിച്ചിട്ടുണ്ട്.