ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറിയില്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും റോ-റോ ജങ്കാര്‍ സര്‍വീസ് നടത്താത്തതില്‍ പ്രതിഷേധിച്ച് സി.പി.എമ്മും സി.പി.ഐ.യും ഫോര്‍ട്ടുകൊച്ചിയില്‍ രണ്ടിടങ്ങളിലായി സമരം നടത്തി. കമാലക്കടവ് ജങ്കാര്‍ ജെട്ടിക്ക് സമീപം സി.പി.എം. നടത്തിയ സമരം കെ.ജെ. മാക്‌സി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മേയര്‍ കൊച്ചിയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എം.എല്‍.എ. ആരോപിച്ചു.

കൗണ്‍സിലര്‍ ബെന്നി ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.എം. റിയാദ്, പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, മുഹമ്മദ് അബ്ബാസ്, ബി. ഹംസ, കെ.ജെ. സാജു തുടങ്ങിയവര്‍ സംസാരിച്ചു.

തൊട്ടടുത്തായി ഓട്ടോസ്റ്റാന്‍ഡിന് സമീപം സി.പി.ഐ. സംഘടിപ്പിച്ച സമരം പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. സക്കറിയാ ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. കൊച്ചി മണ്ഡലം സെക്രട്ടറി എം.ഡി. ആന്റണി, കെ.കെ. ഭാസ്‌കരന്‍, പി.കെ. ഷിഫാസ്, എം.എ. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.