ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി കാണാനെത്തിയ വിദേശവനിത നടപ്പാതയില്‍ ഇളകിക്കിടന്ന കല്ലില്‍ തട്ടി താഴെവീണു. ഇവരുടെ മുന്‍വശത്തെ രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടു. ബ്രിട്ടീഷുകാരിയായ റീത്ത മാര്‍ഷല്‍ (70) ആണ് കല്ലില്‍ത്തട്ടി വീണത്.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെ ഫോര്‍ട്ടുകൊച്ചി സെയ്ന്റ് ഫ്രാന്‍സിസ് പള്ളിക്ക് മുന്‍വശത്താണ് സംഭവം. നടന്നുവരികയായിരുന്ന ഇവര്‍ ഇളകിക്കിടന്ന കല്ലില്‍ത്തട്ടി മുന്നോട്ട് വീഴുകയായിരുന്നു.

പരിക്കേറ്റ ഇവരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എം.ആര്‍. ഷഫീക്, സനല്‍ ഈസ എന്നിവര്‍ ചേര്‍ന്നാണ് ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. പോലീസും സ്ഥലത്തെത്തി. പോലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന ഹോംസ്റ്റേ ഉടമയെത്തി ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.

കഴിഞ്ഞ അഞ്ചുദിവസമായി ഇവര്‍ സെയ്ന്റ് ജോണ്‍ പാട്ടത്തുള്ള ഹോംസ്റ്റേയില്‍ താമസിച്ചുവരികയാണ്. ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. ഫോര്‍ട്ടുകൊച്ചിയിലെ നടപ്പാതകളില്‍ ഇളകിക്കിടക്കുന്ന കല്ലുകളില്‍ തട്ടി സഞ്ചാരികള്‍ വീഴുന്നത് പതിവുസംഭവമായി മാറുകയാണ്.